തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം അഭിരാം കൊലക്കേസിൽ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനാകാതെ അന്വേഷണസംഘം. ഫോണിന്റെ കാര്യത്തിൽ പ്രതികൾ നൽകുന്ന പരസ്പരവിരുദ്ധ മൊഴികളാണ് ഇപ്പോൾ പൊലീസിനെ കുഴക്കുന്നത്. ഒന്നാം പ്രതിയായ 17കാരൻ പറയുന്നത് അഭിരാമിന്റെ ഫോൺ സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചെന്നാണ്. എന്നാൽ രണ്ടാം പ്രതിയായ ഉമർ പറയുന്നത് ഫോൺ കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള കാട്ടിൽ ഉപേക്ഷിച്ചെന്നാണ്.
രണ്ട് സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായിട്ടില്ല. ബെൽറ്റ് ഉപയോഗിച്ചാണ് അഭിരാമിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും അഭിരാം ധരിച്ചിരുന്ന വസ്ത്രങ്ങളും വാച്ചും ഷൂസും ഇതുവരെ കണ്ടെത്തിയിട്ടില്ല.
കേസിലെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാനാണ് പൊലീസ് ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. കൊലപാതകത്തിന് ശേഷവും തെളിവുകൾ മറച്ചുവെക്കാൻ ശ്രമിച്ചെന്ന സംശയവും ശക്തമാണ്. അഭിരാമിന് നീതി ലഭിക്കാൻ നിർണായക തെളിവുകൾ കണ്ടെത്താനാകുമോ എന്നാണ് ഇനി അറിയേണ്ടത്.



