മുംബൈ: ദീപാവലിയോടനുബന്ധിച്ച് നടന്ന പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണിക്ക് നേട്ടത്തുടക്കം. വ്യാപാരം ആരംഭിച്ചപ്പോൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സെൻസെക്സ് 300 പോയിന്റിലധികം ഉയർന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി 50 സൂചിക 70 പോയിന്റും നേട്ടമുണ്ടാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് 2.20നാണ് എൻ.എസ്.ഇയിലും ബി.എസ്.ഇയിലും പ്രത്യേക മുഹൂർത്ത വ്യാപാരം ആരംഭിച്ചത്. ദീപാവലിയോടൊപ്പം പുതിയ സംവത് വർഷമായ 2083-ന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക വ്യാപാരം സംഘടിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്ത്യൻ ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തിയിരുന്നു. തുടർച്ചയായ ഏഴാം വ്യാപാരദിനത്തിലും നേട്ടത്തോടെ ക്ലോസ് ചെയ്ത വിപണി, മുഹൂർത്ത വ്യാപാരത്തിലും മുന്നേറ്റം തുടരുകയായിരുന്നു. വെള്ളിയാഴ്ച സെൻസെക്സ് 1,718 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 25,000 പോയിന്റിന് മുകളിലെത്തിയിരുന്നു.
ദീപാവലി ദിനത്തിലെ മുഹൂർത്ത വ്യാപാരം ഇന്ത്യൻ ഓഹരി വിപണിയിലെ വർഷങ്ങളായുള്ള പാരമ്പര്യമാണ്. ശുഭമുഹൂർത്തത്തിൽ നടത്തുന്ന നിക്ഷേപം ഐശ്വര്യവും സാമ്പത്തിക വളർച്ചയും കൊണ്ടുവരുമെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് നിക്ഷേപകർ ഈ പ്രത്യേക വ്യാപാരത്തിൽ പങ്കെടുക്കുന്നത്. എന്നാൽ പരിമിതമായ സമയത്തെ വ്യാപാരമായതിനാൽ വിപണിയിൽ ചാഞ്ചാട്ടത്തിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.



