കാസർകോട് : കാസർകോട് വീട്ടിൽ സൂക്ഷിച്ചിരുന്ന പിതാവിന്റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരുക്ക്. പൂച്ചക്കാട്ടാണ് സംഭവം. അഫാസ് അഹമ്മദിനാണ് വെടിയേറ്റത്. കുട്ടിയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടിലിൽ തലയണയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് പരിശോധിക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിയുതിർന്നതെന്നാണ് പ്രാഥമിക വിവരം. തോക്ക് പരിശോധിക്കുന്നതിനിടെ വെടിയേറ്റെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.
സംഭവത്തിൽ തോക്കിന്റെ ഉടമയായ പിതാവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. തോക്ക് അശ്രദ്ധമായി സൂക്ഷിച്ചതും അലക്ഷ്യമായി കൈകാര്യം ചെയ്തതുമാണ് കേസിന് ആധാരമായത്.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുകയാണ്. വീട്ടിൽ തോക്കുകൾ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും ഈ സംഭവം വീണ്ടും ഗൗരവമായ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.



