ന്യൂഡൽഹി: പഞ്ചാബിൽ 30ലേറെ ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളിയായിരുന്ന ഗുണ്ടാത്തലവൻ ഗുർവീന്ദർ സിങ് എന്ന അഫ്രീദിയെ ഇന്ത്യയിലെത്തിച്ചു. പത്ത് മാസം നീണ്ട അന്താരാഷ്ട്ര തിരച്ചിലിനൊടുവിൽ എത്യോപ്യയിൽനിന്നാണ് ഇയാളെ നാടുകടത്തിയത്. ഞായറാഴ്ച പുലർച്ചെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതിയെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു.
പഞ്ചാബ് സർക്കാർ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡോണി ബാൽ–പ്രഭ് ദസുവാൾ സംഘത്തിലെ പ്രധാന നേതാവെന്നാണ് പൊലീസ് ഇയാളെ വിശേഷിപ്പിക്കുന്നത്. അഞ്ച് കൊലപാതകക്കേസുകൾ ഉൾപ്പെടെ കൊലപാതകം, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ, ആയുധനിയമപ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയ കേസുകളിലാണ് ഇയാൾ അന്വേഷിക്കപ്പെടുന്നത്.
ആം ആദ്മി പാർട്ടി സർപഞ്ച് രാജ്വിന്ദർ എന്ന രാജ് തൽവാണ്ടിയുടെ കൊലപാതകം, 12 വയസ്സുകാരൻ ഗുർസേവക് സിങ്ങിന്റെ കൊലപാതകം, വിക്കി ചുഗ്, ജസ്വന്ത് സിങ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗുർമേൽ സിങ് എന്നിവരുടെ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കേസുകളിലാണ് അഫ്രീദിയെ തേടിയിരുന്നത്. വിദേശത്തിരുന്ന് പഞ്ചാബിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾക്കും പണം തട്ടലുമായി ബന്ധപ്പെട്ട വെടിവയ്പ്പുകൾക്കും ക്രിമിനൽ ശൃംഖലകൾക്കും ഇയാൾ നിർദേശം നൽകിയെന്നാണ് പൊലീസിന്റെ ആരോപണം.
‘ഓപ്പറേഷൻ ഷാഹിദ്’ എന്ന പേരിൽ പത്ത് മാസം നീണ്ട രഹസ്യാന്വേഷണ ദൗത്യത്തിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ മേഖലകളിലെ വിവിധ രാജ്യങ്ങളിൽ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പഞ്ചാബ് പൊലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സും ഓവർസീസ് ഫ്യൂജിറ്റീവ് ട്രാക്കിങ് ആൻഡ് എക്സ്ട്രഡിഷൻ സെല്ലും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ നവംബർ ആറിന് എത്യോപ്യയിൽ ഇയാൾ പിടിയിലായി.
2025 മാർച്ച് 31ന് മുംബൈ വിമാനത്താവളം വഴി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യുഎഇയിലേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്. ഗോരഖ്പുർ സ്വദേശിയുടെ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പിലൂടെ നേടിയ പാസ്പോർട്ടാണ് ഇതിനായി ഉപയോഗിച്ചതെന്നും അന്വേഷണസംഘം ആരോപിക്കുന്നു. പിന്നീട് യുഎഇയിൽ താമസിച്ച ഇയാൾ ഇസ്താംബുൾ വഴി മെക്സിക്കോയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചയക്കപ്പെട്ടു. തുടർന്ന് കെനിയ, അംഗോള എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഇയാൾ 2026 നവംബറിൽ എത്യോപ്യയിലെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നടപടികൾ സ്വീകരിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ രേഖകളും വിദേശയാത്രകളും സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്കും കൈമാറി. ഏഴ് ഇന്റർപോൾ റഫറൻസുകളും പുറപ്പെടുവിച്ചതായി പൊലീസ് അറിയിച്ചു.
ആഫ്രിക്കൻ രാജ്യത്തുനിന്ന് പഞ്ചാബ് പൊലീസ് ഒരു പിടികിട്ടാപ്പുള്ളിയെ നാടുകടത്തിച്ച് ഇന്ത്യയിലെത്തിക്കുന്നത് ആദ്യമായാണെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവയുടെ സഹകരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
ഇന്ത്യയിലെത്തിച്ച പ്രതിയെ തുടർനടപടികൾക്കായി പഞ്ചാബിലേക്ക് കൊണ്ടുപോകുകയാണ്. ഇയാൾക്കെതിരായ കേസുകളിൽ നിയമനടപടികൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.



