ഹൈദരാബാദ്: തെലങ്കാനയിലെ ഒരു കോടി സ്ത്രീകളെ 2034-ഓടെ കോടീശ്വരികളാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. തന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ഇതിനോടകം തന്നെ 70 ലക്ഷം സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളായിട്ടുണ്ട്.
‘സ്ത്രീകളുടെ ഉന്നമനത്തിന് മുന്‍ഗണന നല്കുന്ന സര്‍ക്കാരാണിത്. സ്ത്രീകള്‍ സാമ്പത്തികമായി ശക്തരും സംരഭകരുമായി മാറേണ്ടതുണ്ട്. ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിക്കിടെ തന്നെ ഈ കാര്യം അറിയിക്കാനായതില്‍ സന്തോഷമുണ്ടെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.
കൂടാതെ, സംസ്ഥാനത്ത് പുതിയതായി 4.5 ലക്ഷം പെന്‍ഷനുകള്‍ അനുവദിച്ചതായും, അതില്‍ 3.5 ലക്ഷവും വിധവകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കുമാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെയ്ത്തുകാര്‍ക്കും കള്ള് ചെത്തുന്നവര്‍ക്കും സർക്കാർ പുതിയ പെന്‍ഷനുകള്‍ അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ തങ്ങളുടെ മക്കളെ, പ്രത്യേകിച്ച് പെണ്മക്കളെ ഉന്നത വിദ്യാഭ്യാസം നല്കി ജീവിതം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



