ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് പെൺകുട്ടികളും ഹോസ്റ്റൽ വാർഡനും മുങ്ങിമരിച്ചു. പെരുമാക്കം റോഡിലെ സമുദ്രം തടാകത്തിലാണ് ദാരുണ സംഭവം.
സർക്കാർ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മ എന്നീ നാല് പെൺകുട്ടികളും ഹോസ്റ്റൽ വാർഡൻ തേൻമൊഴിയുമാണ് മരിച്ചത്. ദീപാവലി അവധിയാഘോഷത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഇവർ.
തടാകത്തിൽ കുളിക്കുന്നതിനിടെ പെൺകുട്ടികൾ മുങ്ങിത്താഴുകയായിരുന്നു. കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായി വാർഡൻ തേൻമൊഴി തടാകത്തിലേക്ക് ഇറങ്ങിയെങ്കിലും ഇവരും അപകടത്തിൽപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് മറ്റുള്ളവർ സ്ഥലത്തെത്തിയപ്പോഴേക്കും അഞ്ച് പേരും വെള്ളത്തിൽ മുങ്ങിയിരുന്നു.
തുടർന്ന് ഇവരെ തടാകത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.


