‘വീരാവി’യായി ആക്ഷൻ കിംഗ് അർജുൻ സർജ; ‘പോളിമേര 3’ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെന്നിന്ത്യൻ താരം ആക്ഷൻ കിംഗ് അർജുൻ സർജയെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘പോളിമേര 3’യുടെ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് ദീപാവലി ദിനത്തിൽ പുറത്തിറങ്ങി. ചിത്രത്തിൽ അർജുൻ സർജ അവതരിപ്പിക്കുന്ന ‘വീരാവി’ എന്ന കഥാപാത്രത്തെയാണ് ഗ്ലിംപ്സിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഡോ. അനിൽ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ വമ്പൻ റിലീസായി പ്രേക്ഷകരിലേക്കെത്തും. വംശി നന്ദിപതി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വംശി നന്ദിപതി, ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി. (ഏഷ്യൻ ഗ്രൂപ്പ്)യുടെ ഭരത് നരംഗുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ക്ഷേത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷത്തിൽ നിന്ന് ആരംഭിക്കുന്ന ഗ്ലിംപ്സ് വീഡിയോ, ആത്മീയതയും അമാനുഷികതയും ദുരൂഹതയും നിറഞ്ഞ ദൃശ്യങ്ങളിലൂടെയാണ് മുന്നേറുന്നത്. അമാവാസിയുടെ പശ്ചാത്തലത്തിൽ വിഷ്ണുവിൽ നിന്ന് ശിവനിലേക്കും തുടർന്ന് അനന്തപദ്മനാഭ സ്വാമിയുടെ ദിവ്യരൂപത്തിലേക്കുമുള്ള ദൃശ്യാവിഷ്കാരം ശ്രദ്ധേയമാണ്. പിന്നീട് കഥയുടെ ഇരുണ്ട ലോകത്തേക്ക് കടക്കുന്ന ഗ്ലിംപ്സിൽ, സത്യം രാജേഷ് അവതരിപ്പിക്കുന്ന കൊമരയ്യയെ ആഭിചാരക്രിയകൾ ചെയ്യുന്ന രൂപത്തിൽ കാണാം. നിഗൂഢതയും ഉദ്വേഗവും വർധിപ്പിക്കുന്ന ഈ രംഗങ്ങൾക്കൊടുവിലാണ് അർജുൻ സർജയുടെ വീരാവി എന്ന കഥാപാത്രത്തിന്റെ ശക്തമായ വരവ്.

വീരയോദ്ധാവിന്റെ രൂപഭാവത്തിൽ വാളേന്തി നിൽക്കുന്ന അർജുൻ സർജയുടെ മാസ് അവതാരം ഗ്ലിംപ്സിലെ പ്രധാന ആകർഷണമാണ്. താരത്തിന്റെ ശക്തമായ സ്ക്രീൻ പ്രസൻസും തീവ്രമായ ഭാവപ്രകടനവും കഥാപാത്രത്തിന്റെ വരവിന് കൂടുതൽ കരുത്തേകുന്നു. ‘ബ്ലാസ്റ്റ്’ എന്ന ചിത്രത്തിന് ശേഷമുള്ള അർജുൻ സർജയുടെ ഈ കഥാപാത്രാവതാരം, ‘പോളിമേര’ ഫ്രാഞ്ചൈസിയുടെ ലോകത്തിന് പുതിയൊരു മാനം നൽകുമെന്നാണ് പ്രതീക്ഷ. മികച്ച പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും ഉയർന്ന നിർമ്മാണ നിലവാരവും ഗ്ലിംപ്സിന്റെ ദൃശ്യാനുഭവത്തെ കൂടുതൽ മികവുറ്റതാക്കുന്നു.

‘മാ ഊരി പോളിമേര’ എന്ന ആദ്യ ഭാഗത്തിലൂടെ ഒ.ടി.ടി.യിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഫ്രാഞ്ചൈസിയാണ് ‘പോളിമേര’. വിവിധ ഭാഷകളിലായി ചിത്രം വലിയൊരു പ്രേക്ഷകവിഭാഗത്തിലേക്ക് എത്തുകയും ചെയ്തു. രണ്ടാം ഭാഗമായ ‘പോളിമേര 2’ തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയതോടെ ഈ സിനിമ ഫ്രാഞ്ചൈസിന് കൂടുതൽ ജനപ്രീതി ലഭിച്ചു. ഓരോ ഭാഗത്തിലും വികസിച്ചുവന്ന ഫ്രാഞ്ചൈസിയുടെ അടുത്ത ഘട്ടമാണ് ‘പോളിമേര 3’. അർജുൻ സർജയുടെ വരവും നാല് ഭാഷകളിലുള്ള വിപുലമായ റിലീസും ചിത്രത്തിന്റെ ക്യാൻവാസും പ്രതീക്ഷകളും ഉയർത്തുന്നു.

ഡോ. അനിൽ വിശ്വനാഥ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യം രാജേഷ് കൊമരയ്യ എന്ന ശ്രദ്ധേയ കഥാപാത്രമായി തിരിച്ചെത്തുന്നു. കാമാക്ഷി ഭാസ്കർല, ഗെറ്റപ്പ് ശ്രീനു, ബാലാദിത്യ, രാകേന്ദു മൗലി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഫ്രാഞ്ചൈസിയുടെ മുൻ ഭാഗങ്ങളിലൂടെ പ്രേക്ഷകരുമായി ബന്ധം സ്ഥാപിച്ച ഈ കഥാലോകത്തെ കൂടുതൽ വിപുലീകരിക്കുന്ന ചിത്രത്തിൽ, അർജുൻ സർജയുടെ വീരാവി നിർണായക സാന്നിധ്യമാകുമെന്ന സൂചനയാണ് പുതിയ ഗ്ലിംപ്സ് നൽകുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.

ബാനർ: വംശി നന്ദിപതി എന്റർടെയ്ൻമെന്റ്സ്, ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി. (ഏഷ്യൻ ഗ്രൂപ്പ്), കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഡോ. അനിൽ വിശ്വനാഥ്, നിർമ്മാതാക്കൾ: വംശി നന്ദിപതി, ഭരത് നരംഗ്, ഛായാഗ്രഹണം: സിദ്ധാർഥ്, സംഗീതം: കൃഷ്ണ പ്രസാദ്., പിആർഒ : ശബരി

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News