കോയമ്പത്തൂർ: കോഴിമുട്ടവില കൂടി. നാമക്കൽ മുട്ടയുത്പാദന കേന്ദ്രത്തിൽ വില വീണ്ടും കൂടി. രണ്ടുദിവസം മുൻപ് മുട്ടയൊന്നിന് 6.60 രൂപയായിരുന്നത് ഞായറാഴ്ച 6.60 ആയി. നാമക്കലിലെ റെക്കോഡ് വില കഴിഞ്ഞ ജൂലായിൽ വന്ന 6.80 ആയിരുന്നു. ചില്ലറവില്പനവില തിങ്കളാഴ്ച എട്ടുരൂപയിലെത്തി. ദീപാവലി ആഘോഷത്തിന്റെ ഭാഗമായാണ് മുട്ടവില ക്രമമായി ഉയർന്നത്. നവംബർ ആദ്യം 6.10 രൂപയായിരുന്നത് ഓരോ ദിവസവും പത്തുപൈസവീതം കൂടുകയായിരുന്നു.
കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ മുട്ടയൊന്നിന് 60 പൈസയാണ് കൂടിയത്. കഴിഞ്ഞവർഷം ഇതേദിവസം 5.65 രൂപയായിരുന്നു വില. ഇത്തവണ അത് ഒരുരൂപയോളം കൂടി. സാധാരണ ദീപാവലിസമയത്തും അതിനുശേഷം ക്രിസ്‌മസ് കാലം വരെയും മുട്ടവില ഉയരുന്നത് പതിവാണ്. ഇത്തവണ പക്ഷേ, നേരത്തേതന്നെ വിലകൂടാൻ തുടങ്ങി. നാമക്കൽ മേഖലയിൽനിന്നാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. മുട്ടയ്ക്ക് ഏറ്റവുംകൂടുതൽ ആവശ്യംവരുന്നത് ക്രിസ്‌മസ് കാലത്താണ്. കേക്കുണ്ടാക്കാൻ കേരളത്തിലെ ബേക്കറിയുടമകൾ വൻതോതിൽ മുട്ട സംഭരിക്കുന്നത് പതിവാണ്.
നവംബർ അവസാനത്തോടെ കേക്ക് നിർമാണം സജീവമാകും. അതിനാൽ കോഴിമുട്ടവില ഇനിയും കൂടുമെന്നാണ് കോഴിഫാം ഉടമകളും വ്യാപാരികളും പറയുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദന കേന്ദ്രമായ നാമക്കലിൽ ദിവസം ശരാശരി ആറുമുതൽ ഏഴുകോടി മുട്ടവരെയാണ് ഉത്പാദിപ്പിക്കുന്നത്.



