പാലക്കാട്: ബിജെപി നേതാവിന്റെ സഹോദരിക്ക് കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം നൽകിയതിനെച്ചൊല്ലി പാലക്കാട്ട് വിവാദം. മഹിളാമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യയ്ക്കാണ് ബോർഡിൽ താൽക്കാലിക നിയമനം ലഭിച്ചത്. നിയമനത്തിന് പിന്നിൽ പാലക്കാട്ടെ മുതിർന്ന ചില കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നൽകി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
നിയമനവുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ചുവരികയാണെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു. ഒഴിവ് നികത്തിയതിൽ അപാകതയുണ്ടെങ്കിൽ ഇടപെടുമെന്നും മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പരാതിയിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും കോൺഗ്രസുകാർ ബിജെപിക്കാർക്ക് ശുപാർശ ചെയ്യാൻ സാധ്യതയില്ലെന്നും തങ്കപ്പൻ പ്രതികരിച്ചു.
നിയമനത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളുടെ ഇടപെടലുണ്ടെന്ന ആരോപണവും അതിനെച്ചൊല്ലിയുള്ള പാർട്ടിക്കുള്ളിലെ പരാതിയുമാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചയായിരിക്കുന്നത്.



