അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഇടിവ്. ബാരലിന് 95.30 ഡോളറിലേക്കാണ് ബ്രെന്റ് ക്രൂഡ് വില താഴ്ന്നത്. എണ്ണയുടെ ലഭ്യത വർധിക്കുമെന്ന പ്രതീക്ഷയാണ് വിപണിയിൽ വില കുറയാൻ പ്രധാന കാരണം.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തുന്നതും ചൈനയിലെ എണ്ണ ഉപഭോഗം കുറഞ്ഞതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.
തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 0.6 ശതമാനം കുറഞ്ഞ് 95.30 ഡോളറിലെത്തി. അമേരിക്കൻ ക്രൂഡ് ഓയിലായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ വിലയും 0.3 ശതമാനം കുറഞ്ഞ് 88.34 ഡോളറിലെത്തി.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്ക് അയവുണ്ടാകുമെന്ന സൂചനകളും എണ്ണവിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വലിയ ഇടിവുണ്ടായിരുന്നു.
അതേസമയം, ഈ വർഷത്തിന്റെ അവസാന പാദത്തിൽ ആഗോള എണ്ണവിപണിയിൽ ആവശ്യകതയേക്കാൾ കൂടുതൽ വിതരണം ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ വിലയിരുത്തൽ. പ്രതിദിനം 105 ദശലക്ഷം ബാരൽ എണ്ണ വിതരണം ഉണ്ടാകുമെന്നാണ് പ്രവചനം.
എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കത്തിന് ഇപ്പോഴും സുരക്ഷാ വെല്ലുവിളികളുണ്ട്. അതിനാൽ വില കുറഞ്ഞെങ്കിലും വിപണിയിലെ അനിശ്ചിതത്വം പൂർണമായി മാറിയിട്ടില്ല.
അന്താരാഷ്ട്ര വിപണിയിലെ ഈ വിലയിടിവ് വരും ദിവസങ്ങളിലും തുടരുമോ എന്നതാണ് ഇനി ശ്രദ്ധേയം.



