കൊച്ചി: സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോംഗിങ്: എ ജേണി ഓഫ് ലവ്’ ചർച്ചയാകുന്നു. പുസ്തകത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രി കെ.ടി. ജലീൽ. വളച്ചുകെട്ടുകളില്ലാതെ വായനക്കാരോട് നേരിട്ട് സംവദിക്കുന്ന രചനയെന്നാണ് അദ്ദേഹം പുസ്തകത്തെ വിശേഷിപ്പിച്ചത്. കേവലം ഒരു രാഷ്ട്രീയ ആത്മകഥയല്ല ഇതെന്നും സോണിയയുടെ വ്യക്തിജീവിതവും പ്രണയവും കുടുംബബന്ധങ്ങളും ജീവിതത്തിലെ നഷ്ടങ്ങളും രാഷ്ട്രീയ യാത്രയുമെല്ലാം പുസ്തകത്തിലുണ്ടെന്നും ജലീൽ പറയുന്നു.
ഇറ്റലിയിൽ ജനിച്ച് ഇന്ത്യയെ സ്വന്തം വീടായി സ്വീകരിച്ച സോണിയയുടെ ജീവിതമാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയം. രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും കുടുംബത്തിലെ ദുരന്തങ്ങളും കോൺഗ്രസ് നേതൃത്വത്തിലേക്കുള്ള കടന്നുവരവുമെല്ലാം ഏഴ് അധ്യായങ്ങളിലായി വിവരിക്കുന്നു. 544 പേജുകളുള്ള പുസ്തകം നവംബർ 10നാണ് പുറത്തിറങ്ങിയത്. പുസ്തകത്തിന്റെ ഓരോ അധ്യായവും വിശദീകരിച്ചുകൊണ്ടാണ് ജലീൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക സംഭവങ്ങൾക്കൊപ്പം വ്യക്തിപരമായ അനുഭവങ്ങൾക്കും പുസ്തകത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിയോഗം, 2004-ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരിക്കാനുള്ള തീരുമാനം തുടങ്ങിയവയും ഇതിൽ പരാമർശിക്കുന്നു. വരും ദിവസങ്ങളിൽ പുസ്തകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും കെ.ടി. ജലീൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.



