തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘അക്വാന്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലെ വടക്കുകിഴക്കന്‍ മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തുന്നു. വടക്കന്‍ ജില്ലകളില്‍ പലയിടത്തും മഴ തീരെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. അക്വാന്‍ വീശിയടിക്കുന്നതോടെ വരും ദിവസങ്ങളില്‍ മഴയുടെ അളവ് ഇനിയും കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അക്വാന്‍ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് നവംബര്‍ 20-ന് ആന്ധ്രാപ്രദേശ് – യാനം തീരത്ത് കരതൊടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ഇത്തവണ സംസ്ഥാനത്ത് തുലാവർഷം 22 ശതമാനം കുറവായിരുന്നു. ഒക്ടോബർ ഒന്നുമുതൽ നവംബർ 16 വരെ 413.4 മില്ലീമീറ്റർ മഴയാണ് കിട്ടേണ്ടത്. പെയ്തത് 321.1 മില്ലീമീറ്ററും. വയനാട് മാത്രമാണ് ദീർഘകാല ശരാശരിയെക്കാൾ കൂടുതൽ പെയ്തത്. 11 ശതമാനം അധികമഴ ലഭിച്ചു. മലപ്പുറത്ത് 38 ശതമാനവും ഇടുക്കിയിലും കാസർകോട്ടും 33 ശതമാനം വീതവും കുറവാണ്. മഴ കുറഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിൽ ചൂടുകൂടി.



