ബിഗ് ബോസ് വോട്ടിനെച്ചൊല്ലിയുള്ള വിവാദത്തിൽ നോബിക്കെതിരെ ചോദ്യവുമായി അനുമോൾ. താൻ PR പ്രവർത്തനത്തിലൂടെയും സിംപതി വോട്ടിലൂടെയുമാണ് വിജയിച്ചതെന്ന ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ഭർത്താവ് ഭുവനേഷിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അനുമോൾ നിലപാട് വ്യക്തമാക്കിയത്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് നോബി തന്നെ കാണാനും സംസാരിക്കാനും ശ്രമിച്ചിരുന്നുവെന്നാണ് അനുമോളുടെ വെളിപ്പെടുത്തൽ.
അങ്ങനെ തന്നെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ച നോബി, പിന്നീട് പിആർ വോട്ടിലാണ് താൻ വിജയിച്ചതെന്ന് പറയുന്നത് എന്തിനാണെന്നും അനുമോൾ ചോദിക്കുന്നു. പതിനാറ് ലക്ഷം വോട്ടുകൾ നേടിയാണ് താൻ വിജയിച്ചതെന്നും അതെല്ലാം പണം നൽകി വാങ്ങാൻ കഴിയുമോയെന്നും താരം ചോദിച്ചു.
പിആർ പ്രമോഷൻ മാത്രമാണ്, വിജയത്തിന്റെ ഏക കാരണം അതല്ലെന്നും അനുമോൾ വ്യക്തമാക്കി. ബിഗ് ബോസ് പോലൊരു ഷോയിൽ മത്സരാർത്ഥികളെക്കുറിച്ചുള്ള വീഡിയോകൾ പ്രചരിപ്പിക്കാനും അവരുടെ പ്രകടനം പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് പിആർ സഹായിക്കുന്നതെന്നും താരം പറഞ്ഞു. എന്നാൽ അവസാന തീരുമാനം എടുക്കുന്നത് പ്രേക്ഷകരാണെന്നും തന്റെ വിജയത്തിൽ വിശ്വാസമുണ്ടെന്നും അനുമോൾ കൂട്ടിച്ചേർത്തു. താരത്തിന്റെ ഈ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്.



