ഇന്ത്യക്കാർക്ക് ഒരു പ്രധാന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കഴിക്കുക, കുടിക്കുക, ആഘോഷിക്കുക’ എന്നതല്ല ഇന്ത്യയുടെ സംസ്കാരമെന്നും സമ്പാദ്യശീലം വളർത്തണമെന്നുമാണ് മന്ത്രിമാരോട് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു മോദിയുടെ ഈ പരാമർശം.
ദാരിദ്ര്യത്തിൽനിന്ന് പുറത്തുവന്നവർ അനാവശ്യ ചെലവുകൾ കാരണം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴരുതെന്നാണ് പ്രധാനമന്ത്രിയുടെ ആശങ്ക. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 50 കോടി ആളുകൾ ദാരിദ്ര്യത്തിൽനിന്ന് പുറത്തുവന്ന നേട്ടവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടം നിലനിർത്താൻ സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലവും ആവശ്യമാണെന്നും വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിന്റെ പിടിയിൽനിന്ന് രക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു. നക്സലിസത്തിനെതിരെ നടത്തിയ കൂട്ടായ പ്രവർത്തനം പോലെ മയക്കുമരുന്നിനെതിരെയും ശക്തമായ പോരാട്ടം വേണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. എന്നാൽ, പ്രധാനമന്ത്രിയുടെ ഈ പരാമർശം ഇപ്പോൾ പുതിയ ചർച്ചകൾക്കും വഴിയൊരുക്കുകയാണ്. ജനങ്ങൾ എങ്ങനെ പണം ചെലവഴിക്കണം, എങ്ങനെ ജീവിക്കണം എന്നതിൽ സർക്കാരിന്റെ സന്ദേശം എന്തായിരിക്കണമെന്ന ചോദ്യവും ഉയരുന്നു. സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കണമെന്ന മോദിയുടെ നിർദേശം നിങ്ങൾ എങ്ങനെ കാണുന്നു?



