ബിജെപി നിയമസഭാ കക്ഷി നേതാവായി ബി.ബി ഗോപകുമാറിനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷി നേതാവായി ബി.ബി ഗോപകുമാറിനെ തെരഞ്ഞെടുത്തു. ചാത്തന്നൂർ എംഎൽഎയാണ് ബി.ബി ഗോപകുമാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും തമ്മിലുള്ള തർക്കത്തിൽ ധാരണയിലേക്കെത്താൻ ബിജെപി നേതൃത്വത്തിന് സാധിക്കാത്തതിനെ തുടർന്നാണ് ഗോപകുമാറിന് നറുക്ക് വീണത്. നേരത്തെ, വി. മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന ബിജെപി കോർ കമ്മിറ്റിയിലെ ആവശ്യം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.

തന്നെ കക്ഷി നേതാവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. രണ്ട് അധികാര സ്ഥാനം പാർട്ടിക്കുള്ളിൽ രൂപപ്പെട്ടേക്കുമോ എന്ന വാദം ഉന്നയിച്ചാണ് രാജീവ് ചന്ദ്രശേഖർ മറുനീക്കം നടത്തിയത്. മൂന്ന് അംഗങ്ങളാണ് നിലവിൽ നിയമസഭാ പ്രതിനിധികളായി ബിജെപിക്കുള്ളത്. ഇതിൽ നിന്നാണ് ബി.ബി ഗോപകുമാറിനെ തെരഞ്ഞെടുത്തത്. ദേശീയ നേതൃത്വങ്ങളുടെ താൽപര്യം മുരളീധരനായിരുന്നുവെന്നാണ് വിവരം. എന്നാൽ, രാജീവ് ചന്ദ്രശേഖർ നിലപാട് കടുപ്പിച്ചതോടെ ഇരുവരെയും മാറ്റിനിർത്തി പകരം ഗോപകുമാറിനെ പരിഗണിച്ചുകൊണ്ട് പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നു ബിജെപി നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *