കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ച പതിനേഴുകാരൻ ആഡംബര ബൈക്കും ഉപയോഗിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. വാഹന ഉടമയായ ജഡ്ജിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ബൈക്ക് കണ്ടെത്തിയത്. പതിനേഴുകാരൻ ബൈക്ക് ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഫ്ലാറ്റിലെ ജീവനക്കാരനും ഇതുസംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷനിലും പൊലീസിന് സംശയമുണ്ട്. ജഡ്ജിയുടെ വീട്ടിൽ ഏഴ് മണിക്കൂറോളം നീണ്ട പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും വാഹനരേഖകളും പിടിച്ചെടുത്തു.
അതേസമയം, പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷ കോടതി പരിഗണിച്ചേക്കും. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് ഇയാൾക്കെതിരെ നരഹത്യാ വകുപ്പും ചുമത്തി. അപകടം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഉടമസ്ഥാവകാശവും രജിസ്ട്രേഷനും സംബന്ധിച്ച സംശയങ്ങൾ കൂടി പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.



