തിരുവനന്തപുരം: CMRL –എക്സാലോജിക് കേസിൽ പിണറായി വിജയനെതിരായ അന്വേഷണം തുടരാമെന്ന് ED ക്ക് നിയമോപദേശം ലഭിച്ചു. ഹൈക്കോടതി വിജിലൻസ് FIR റദ്ദാക്കിയിട്ടില്ലെന്നും അന്വേഷണം മാത്രമാണ് സ്റ്റേ ചെയ്തതെന്നുമാണ് നിയമോപദേശത്തിലെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പിണറായി വിജയന് പുതിയ സമൻസ് നൽകാൻ ED ഒരുങ്ങുകയാണ്. അതേസമയം, കേസിൽ വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട അപ്പീലുകളിൽ നവംബർ 25ന് ഹൈക്കോടതി വിശദമായ വാദം കേൾക്കും. നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നുമാണ് പിണറായി വിജയന്റെ പ്രതികരണം. കേസിൽ EDക്കും വിജിലൻസിനും മറുപടി നൽകാൻ ഹൈക്കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ എങ്ങനെ മുന്നോട്ടുപോകുമെന്നതിൽ വ്യക്തത വരേണ്ടതുണ്ട്. കോടതിയുടെ അന്തിമ തീരുമാനം കേസിന്റെ തുടർനടപടികളിൽ നിർണായകമാകും. ഇനി ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.



