അമരാവതി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്കായി ആന്ധ്രാപ്രദേശിൽ ക്ഷേത്രം ഒരുങ്ങുന്നു. ആന്ധ്രയിലെ യെമ്മിഗനൂർ മണ്ഡലത്തിലെ ഗുഡിക്കല്ലു ഗ്രാമത്തിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് തുടക്കമായത്. അര ഏക്കർ സ്ഥലത്ത് മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ക്ഷേത്രത്തിലേക്കുള്ള ഹീരാബെൻ മോദിയുടെ മാർബിൾ വിഗ്രഹം മൂന്ന് ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അമ്മയോടുള്ള ആദരവിന്റെ പ്രതീകമായാണ് ക്ഷേത്രം ഒരുക്കുന്നതെന്ന് സംഘാടകർ പറയുന്നു. ക്ഷേത്രത്തിന് പുറമെ ഗോശാലയും അനാഥാലയവും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ശിവൻ, ശ്രീരാമൻ, ഗണേശൻ തുടങ്ങിയവർക്കായുള്ള ക്ഷേത്രങ്ങളും സമുച്ചയത്തിൽ ഉണ്ടാകും. അടുത്ത രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് ട്രസ്റ്റ് അറിയിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും ഭൂമിപൂജ ചടങ്ങിൽ പങ്കെടുത്തു. 2022 ഡിസംബർ 30നാണ് ഹീരാബെൻ മോദി അന്തരിച്ചത്. ബിജെപി എംഎൽഎ പി.വി. പാർത്ഥസാരഥിയാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്. വിവിധ ദാതാക്കളിൽ നിന്ന് പണം സമാഹരിച്ചാണ് നിർമ്മാണം നടത്തുന്നത്. പ്രധാനമന്ത്രിയുടെ അമ്മയ്ക്കായി രാജ്യത്ത് ഇത്തരമൊരു ക്ഷേത്രം ആദ്യമായാണെന്നാണ് സംഘാടകരുടെ അവകാശവാദം. ഒരു അമ്മയോടുള്ള മകന്റെ സ്നേഹവും ആദരവും രാജ്യത്തെ എല്ലാ അമ്മമാരോടുമുള്ള ബഹുമാനത്തിന്റെ പ്രതീകവുമാണ് ഈ ക്ഷേത്രമെന്നും സംഘാടകർ വ്യക്തമാക്കുന്നു.



