കണ്ണൂർ: മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. വീണാ ജോർജിന് പുറത്ത് കാണത്തക്ക പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാർ മൊഴി നൽകിയതെന്നാണ് സൂചന. കഴുത്തിലുണ്ടായ നീർക്കെട്ടിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും ഡോക്ടർമാർ മൊഴി നൽകിയതായാണ് വിവരം. ആശുപത്രിയിൽനിന്ന് ചികിത്സാ രേഖകളും എസ്ഐടി ശേഖരിച്ചിട്ടുണ്ട്.
കേസിൽ തെറ്റായ മൊഴി നൽകിയെന്ന ആരോപണം നേരിടുന്ന വീണാ ജോർജിന്റെ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്ത് എസ്ഐടി ഉടൻ ഡിജിപിക്ക് റിപ്പോർട്ട് നൽകും. കെഎസ്യു പ്രവർത്തകർ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന മൊഴി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നൽകിയതെന്ന് അഭിലാഷ് എസ്ഐടിയോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.



