ലക്നൗ: ഉത്തര്‍പ്രദേശില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 1.27 കോടി ഹിന്ദു വോട്ടര്‍മാരെ തിരിച്ചെത്തിക്കാനൊരുങ്ങി BJP. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ‘സ്‌പെഷ്യല്‍ സമ്മറി റിവിഷനിലൂടെ ഹിന്ദു വോട്ടര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് യോഗി അദിത്യനാഥ് നിര്‍ദ്ദേശം നൽകി.
സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നടന്ന എസ്‌ഐആറില്‍ 1.27 കോടി ഹിന്ദുക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും, അതേസമയം മുസ്ലീം വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.65 ശതമാനം വര്‍ധനയുണ്ടായെന്നും യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലായി 1.27 കോടി വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടു എന്നാണ് കണക്ക്. ഓരോ മണ്ഡലത്തിലും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട 10,000 മുതല്‍ 25,000 വരെ വോട്ടര്‍മാരെ പട്ടികയില്‍ തിരിച്ചെത്തിക്കാന്‍ ജില്ലാ നേതാക്കള്‍ക്ക് ബിജെപി ടാര്‍ഗെറ്റ് നല്‍കിയിട്ടുണ്ട്. ഓരോ പോളിംഗ് ബൂത്തിലും കുറഞ്ഞത് 50 വോട്ടര്‍മാരെ വീതം ചേര്‍ക്കണമെന്നാണ് നിര്‍ദ്ദേശം.
എസ്‌ഐആര്‍ പ്രകാരമുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ദിവസത്തിന് ശേഷം, നവംബര്‍ 20-ന് ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സാധ്യത. കുറഞ്ഞത് 40 ലക്ഷം മുതല്‍ 80 ലക്ഷം വരെ വോട്ടര്‍മാരെ തിരികെ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കണം എന്നാണ് നിര്‍ദ്ദേശം. എസ്എസ്ആര്‍ പ്രകാരമുള്ള കരട് വോട്ടര്‍ പട്ടിക നവംബര്‍ 17-ന് പുറത്തിറങ്ങും. തുടര്‍ന്ന്, പട്ടികയിലുള്ളവരുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും അറിയിക്കാന്‍ ഡിസംബര്‍ 16 വരെ സമയം അനുവദിക്കും.



