ഐസോൾ: രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് തടസ്സപ്പെട്ട ആഘോഷപരമ്പരയ്ക്ക് വീണ്ടും പുതുജീവൻ നൽകി മിസോറാമിലെ ഗ്രാമം. സംസ്ഥാനത്തെ സെർകൗണിലാണ് മൂന്ന് ദിവസം നീളുന്ന ‘ലൈത്ലാങ്പുയി സംഗീതോത്സവം’ (Leitlangpui Music Festival) സംഘടിപ്പിക്കുന്നത്. ശൈത്യകാല വിനോദസഞ്ചാര സീസണിന് തുടക്കം കുറിക്കുന്ന പരിപാടിയായാണ് സംഗീതോത്സവം ഒരുക്കിയിരിക്കുന്നത്. Varta
1932ൽ ബ്രിട്ടീഷ് മിഷനറിയായ എച്ച്.ഡബ്ല്യു. കാർട്ടറുടെ നേതൃത്വത്തിലാണ് സെർകൗൺ മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾ സംഗീതവും നാടകവും ഉൾപ്പെടുത്തിയ ഈ ആഘോഷത്തിന് തുടക്കമിട്ടത്. അധ്യാപകർ രചിച്ച ഗാനങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചിരുന്ന പരിപാടി പിന്നീട് മിസോറാമിന്റെ സാംസ്കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ സംഗീതപാരമ്പര്യമായി മാറി. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് 1946നുശേഷം ഈ ആഘോഷം നിലച്ചു. ഏകദേശം 90 വർഷത്തെ ഇടവേളയ്ക്കുശേഷം 2024ലാണ് ലൈത്ലാങ്പുയി സംഗീതോത്സവം പുനരാരംഭിച്ചത്.
2026ലെ മൂന്നാം പതിപ്പ് നവംബർ 11 മുതൽ 13 വരെ സെർകൗണിലെ ലെന സ്റ്റേഡിയത്തിലാണ് നടന്നത്. മിസോറാം ടൂറിസം വകുപ്പും കേന്ദ്ര ടൂറിസം മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സംഗീതജ്ഞരുടെ അവതരണങ്ങൾ, യുവ ബാൻഡുകളുടെ മത്സരം, പരമ്പരാഗത കലാപരിപാടികൾ, പ്രാദേശിക ഭക്ഷണം, കൈത്തറി-കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവയും മേളയുടെ ഭാഗമായി.
സംഗീതപാരമ്പര്യം വീണ്ടെടുക്കുന്നതിനൊപ്പം യുവകലാകാരന്മാർക്കും പ്രാദേശിക സംരംഭകർക്കും അവസരമൊരുക്കുകയും വിനോദസഞ്ചാരം വളർത്തുകയും ചെയ്യുകയാണ് മേളയുടെ ലക്ഷ്യം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലേക്ക് നീളുന്ന മിസോറാമിന്റെ ശൈത്യകാല വിനോദസഞ്ചാര പരിപാടികൾക്കും ഈ സംഗീതോത്സവം തുടക്കമിട്ടു.



