പാലക്കാട്: പ്രാർത്ഥനാമന്ത്രങ്ങളും ഭക്തിനിർഭരമായ അന്തരീക്ഷവും നിറഞ്ഞുനിന്ന കൽപ്പാത്തിയിൽ ഈ വർഷത്തെ രഥപ്രയാണത്തിന് തുടക്കമായി. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് ആയിരക്കണക്കിന് ഭക്തരാണ് രഥവീഥികളിൽ കാത്തുനിന്നത്.
പ്രധാന ഉത്സവക്ഷേത്രമായ കാശി വിശ്വനാഥ വിശാലാക്ഷി സമേത ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷമാണ് ഉത്സവമൂർത്തികളെ എഴുന്നള്ളിച്ച് രഥങ്ങളിൽ പ്രതിഷ്ഠിച്ചത്. വിശ്വനാഥനും പാർവതിയും ഏറ്റവും വലിയ രഥത്തിൽ എഴുന്നള്ളി. വള്ളിയും ദേവയാനയും സമേതനായ മുരുകൻ ചെറുരഥത്തിലും ഗണപതി മറ്റൊരു രഥത്തിലുമായി പ്രയാണം ആരംഭിച്ചു.
രഥവീഥികളിൽ തിങ്ങിനിറഞ്ഞ ഭക്തർ വിശ്വാസപൂർവം രഥങ്ങളുടെ കയർ വലിച്ചാണ് പ്രയാണത്തിന് തുടക്കമിട്ടത്. ക്ഷേത്രം പുരോഹിതന്മാരായ രത്നസഭാപതിയും പ്രഭുദേവസേനാപതിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
രണ്ടാം തേർ ദിവസമായ നാളെ മന്ദക്കര മഹാഗണപതിയുടെ രഥപ്രയാണം നടക്കും. പതിനാറിനാണ് പ്രസന്ന മഹാഗണപതിയും ചാത്തപുരം പെരുമാളും രഥാരോഹണം നടത്തുന്ന രഥസംഗമം. കൽപ്പാത്തി ഉത്സവത്തിലെ പ്രധാന ആകർഷണമായ രഥസംഗമത്തിനായി ഭക്തർ കാത്തിരിക്കുകയാണ്.



