കുവൈത്ത് സിറ്റി: നാട്ടിലെത്താൻ സുമനസ്സുകളുടെ സഹായം തേടി കുവൈത്തിലെ പ്രവാസി മലയാളി. മസ്തിഷ്‌കാഘാതം സംഭവിച്ച് ഫർവാനിയ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം കോട്ടക്കൽ സ്വദേശിയായ രാജുവാണ് നാട്ടിലെത്താൻ കഴിയാതെ പ്രതിസന്ധിയിലായത്. അബ്ബാസിയയിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന രാജു മൂന്ന് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് ചികിത്സ തേടിയ രാജുവിന് മസ്തിഷ്‌ക ആഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു. നിലവിൽ നാട്ടിലെത്തിക്കാൻ വിമാനത്തിൽ പ്രത്യേക മെഡിക്കൽ സൗകര്യം ആവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. പത്ത് ലക്ഷത്തിലേറെ രൂപയാണ് വിമാന യാത്രക്ക് മാത്രം ചെലവ് വരികയെന്ന് ഇവർ അറിയിച്ചു.
മസ്തിഷ്‌കാഘാതം; നാട്ടിലെത്താൻ സുമനസ്സുകളുടെ സഹായം തേടി കുവൈത്തിലെ പ്രവാസി മലയാളി
