തിരുവനന്തപുരം: തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിർദേശം.കാസർകോട്, കണ്ണൂർ ഒഴികെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ വടക്കൻ കേരളത്തിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പെട്ടെന്നുള്ള ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടിനും യാത്രാതടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.



