ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ക്രിക്കറ്റ് റാങ്കിങ്ങിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ദാന ഒന്നാം സ്ഥാനം നിലനിർത്തി. 790 റേറ്റിങ് പോയിന്റുകളുമായാണ് സ്മൃതി നേട്ടം ആവർത്തിച്ചത്. ഏകദിന ബാറ്റർമാരുടെ ആദ്യ പത്തിൽ മറ്റൊരു ഇന്ത്യൻ താരമായ ഹർമൻപ്രീത് കൗറും ഇടംപിടിച്ചു. 652 പോയിന്റുകളുമായി താരം ഒൻപതാം സ്ഥാനത്താണ്.
ഏകദിന ബൗളർമാരുടെ പട്ടികയിൽ ദീപ്തി ശർമയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം. ഒരു സ്ഥാനം താഴേക്കിറങ്ങിയ ദീപ്തി നിലവിൽ ഒൻപതാം റാങ്കിലാണ്. വനിതാ ടി20 ബാറ്റിങ് റാങ്കിങ്ങിലും ഇന്ത്യയ്ക്ക് നേട്ടമുണ്ട്. ഷെഫാലി വർമ്മ നാലാം സ്ഥാനത്തും സ്മൃതി മന്ദാന അഞ്ചാം സ്ഥാനത്തും ഹർമൻപ്രീത് കൗർ പത്താം സ്ഥാനത്തുമാണ്.
ടി20 ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരമായ ശ്രീചരണി 817 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ദീപ്തി ശർമ 754 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരമായ ദീപ്തി ആറാം സ്ഥാനത്താണ്.ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ് പുതിയ റാങ്കിങ് നേട്ടങ്ങൾ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യൻ താരങ്ങൾ മികച്ച സ്ഥാനം നിലനിർത്തുന്നത് ടീമിന് പ്രതീക്ഷ നൽകുന്നു.


