സിയാറ്റിലിലെ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷ പ്രവർത്തകർ; വംശീയ അധിക്ഷേപത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ കടന്നുകയറി പ്രതിഷേധവുമായി തീവ്ര വലതുപക്ഷ പ്രവർത്തകർ. ഇന്ത്യൻ വംശജരെയും ഹിന്ദു സമൂഹത്തെയും ലക്ഷ്യമിട്ടുള്ള വംശീയ അധിക്ഷേപ മുദ്രാവാക്യങ്ങളുമായാണ് ജേക്ക് ലാങും തോമസ് അലനും ഉൾപ്പെടെയുള്ളവർ ആഘോഷവേദിയിലെത്തിയത്. സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയപാൽ രംഗത്തെത്തി.

ശനിയാഴ്ച പ്രാദേശിക സമയത്താണ് സിയാറ്റിൽ സെന്റർ ആർമറിയിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ പ്രതിഷേധമുണ്ടായത്. അമേരിക്കൻ പതാകയുമായി എത്തിയ പ്രവർത്തകർ ‘ഡീപോർട്ട് ഓൾ ഡോട്ട് ഹെഡ്സ്’, ‘സ്റ്റോപ്പ് ഹിന്ദു റീപ്ലേസ്‌മെന്റ് ഓഫ് ക്രിസ്റ്റ്യൻസ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തി. ഇന്ത്യൻ വംശജരെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് ആദ്യ മുദ്രാവാക്യത്തിലുള്ളത്.

വേദിയിൽ കലാപരിപാടികൾ നടക്കുന്നതിനിടെയാണ് പ്രതിഷേധക്കാർ എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആഘോഷത്തിൽ പങ്കെടുത്തവർ പ്രതിഷേധക്കാരെ ചോദ്യം ചെയ്യുകയും പിന്നീട് ഇവരെ വേദിയിൽനിന്ന് പുറത്തേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിനെതിരെ വാഷിങ്ടണിൽനിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം പ്രമീള ജയപാൽ ശക്തമായി പ്രതികരിച്ചു. ദീപാവലി പ്രധാനപ്പെട്ട ആഘോഷമാണെന്നും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് ഭയമില്ലാതെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയണമെന്നും അവർ പറഞ്ഞു. വംശീയത നിറഞ്ഞ ഇത്തരം പ്രകടനങ്ങൾക്ക് അമേരിക്കയിലോ സിയാറ്റിലിലോ സ്ഥാനമില്ലെന്നും ജയപാൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

ഇന്ത്യൻ വംശജനായ വ്യവസായിയും മുൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ അജയ് ജെയിൻ ഭൂതോറിയയും സംഭവത്തെ അപലപിച്ചു. ഹിന്ദു അമേരിക്കക്കാരെയും ഇന്ത്യൻ കുടിയേറ്റക്കാരെയും വംശീയമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

അതേസമയം, സിയാറ്റിലിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കോയലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) മുന്നറിയിപ്പ് നൽകി. മറ്റ് ദീപാവലി ആഘോഷങ്ങളും തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർ പദ്ധതിയിടുന്നതായി സംഘടന ആരോപിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതിഷേധമുണ്ടായതെന്നും സംഘടന വ്യക്തമാക്കി.

പ്രതിഷേധത്തിന് നേതൃത്വം നൽകിയ ജേക്ക് ലാങ് 2021 ജനുവരി ആറിന് അമേരിക്കൻ ക്യാപിറ്റലിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത വ്യക്തിയാണ്. നാല് വർഷം തടവുശിക്ഷ അനുഭവിച്ച ഇയാൾക്ക് 2025 ജനുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയ ആദ്യദിവസം മാപ്പ് നൽകിയിരുന്നു.

അമേരിക്കയിൽ ഇന്ത്യൻ വംശജരുടെ സാംസ്കാരിക ആഘോഷങ്ങൾക്കിടയിൽ ഇത്തരം വംശീയ അധിക്ഷേപങ്ങൾ ഉയർന്നത് വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ വിവിധ ഇന്ത്യൻ-അമേരിക്കൻ സംഘടനകളും നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News