ന്യൂഡൽഹി: താൻ സ്ത്രീയായി തിരിച്ചറിയപ്പെടുന്നില്ലെന്നും നോൺ ബൈനറി വ്യക്തിയാണെന്നും വ്യക്തമാക്കി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) ദേശീയ അധ്യക്ഷ നെഹാ ബോറ. ഒരു അഭിമുഖത്തിലാണ് നെഹാ തന്റെ ലിംഗ സ്വത്വത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തന്നെ അഭിസംബോധന ചെയ്യുമ്പോൾ ‘ഷീ/ഹർ’ എന്നതിന് പകരം ‘ദേ/ദെം’ (They/Them) എന്ന സർവനാമങ്ങൾ ഉപയോഗിക്കണമെന്നും നെഹാ ആവശ്യപ്പെട്ടു.
നോൺ ബൈനറി വ്യക്തികളെ ശരിയായ സർവനാമങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് രാഷ്ട്രീയ പ്രാധാന്യമുള്ള കാര്യമാണെന്നും നെഹാ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതുപോലെ തന്നെ തനിക്ക് ശരിയായ സർവനാമങ്ങൾ ഉപയോഗിക്കുന്നതും രാഷ്ട്രീയ വിഷയമാണെന്നായിരുന്നു നെഹായുടെ പ്രതികരണം.
മാധ്യമങ്ങൾ ഉൾപ്പെടെ പലരും ഇപ്പോഴും തന്നെ ‘ഷീ’ എന്ന സർവനാമം ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നതെന്ന് നെഹാ ചൂണ്ടിക്കാട്ടി. ഒരേ സംഭാഷണത്തിൽ തന്നെ ‘ഷീ’, ‘ദേ’ എന്നീ പ്രയോഗങ്ങൾ മാറിമാറി ഉപയോഗിക്കുന്ന സാഹചര്യങ്ങളുണ്ടെന്നും അവർ പറഞ്ഞു. നോൺ ബൈനറി വ്യക്തികളെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് സമൂഹം മനസ്സിലാക്കാൻ സമയമെടുക്കുമെന്നും നെഹാ കൂട്ടിച്ചേർത്തു.
സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള പരമ്പരാഗത ലിംഗവിഭാഗങ്ങളിൽ സ്വയം ഉൾപ്പെടുത്താത്തവരുടെ ലിംഗ സ്വത്വത്തെയാണ് പൊതുവെ നോൺ ബൈനറി എന്ന് വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തിയുടെയും അനുഭവവും സ്വയം തിരിച്ചറിയുന്ന രീതിയും വ്യത്യസ്തമായിരിക്കാം.
ഉത്തരാഖണ്ഡ് സ്വദേശിയായ നെഹാ ബോറ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും അംബേദ്കർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നിലവിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പിഎച്ച്ഡി ഗവേഷണം നടത്തുകയാണ്. വിദ്യാർഥി രാഷ്ട്രീയത്തിലും വിവിധ സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും സജീവമായ നെഹാ അടുത്തകാലത്ത് ജന്തർ മന്തറിലെ പ്രതിഷേധങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്നു.



