ന്യൂഡൽഹി: വധശിക്ഷയടക്കം നേരിടേണ്ടിവന്നാലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന നിലപാട് ആവർത്തിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തിരിച്ചെത്തിയാൽ നേരിടേണ്ടിവരുന്ന അപകടങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ടെന്നും എന്നാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എഎഫ്‌പിക്ക് നൽകിയ ഇ-മെയിൽ അഭിമുഖത്തിൽ ഹസീന വ്യക്തമാക്കി.
2024 ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽനിന്ന് പുറത്തായതോടെയാണ് ഹസീന ഇന്ത്യയിലേക്ക് കടന്നത്. അന്നുമുതൽ ഇന്ത്യയിലാണ് താമസം. 2024ലെ പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ 2025 നവംബറിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ വിചാരണയുടെ നിയമസാധുതയും വിധിയും ഹസീന തള്ളിക്കളഞ്ഞിട്ടുണ്ട്.
തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുകയോ തടവിലാകുകയോ പീഡനത്തിന് ഇരയാകുകയോ കൊല്ലപ്പെടുകയോ ചെയ്യാമെന്ന് അറിയാമെന്ന് ഹസീന പറഞ്ഞു. മരിക്കാൻ ആഗ്രഹമില്ലെന്നും രാജ്യത്തിനുവേണ്ടി തുടർന്നും പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും വ്യക്തമാക്കിയ അവർ, തിരിച്ചുവരവിന് മരണം വിലയായി നൽകേണ്ടിവന്നാലും അതിനെ നേരിടാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.
ഡിസംബറിലെ മടക്കത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും ബംഗ്ലാദേശ് പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വഴി അഭിഭാഷകർ അപേക്ഷ നൽകിയതായും ഹസീന അറിയിച്ചു. ഇന്ത്യയുടെ സഹായത്തോടെ നാടുകടത്തൽ നടപടിയിലൂടെ മടങ്ങാനല്ല, സ്വമേധയാ തിരിച്ചെത്താനാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.
അതേസമയം, ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷാ വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സമയപരിധി കഴിഞ്ഞെന്നും തിരിച്ചെത്തിയാൽ ശിക്ഷ നടപ്പാക്കേണ്ടിവരുമെന്നുമാണ് ധാക്കയുടെ നിലപാട്. ഇന്ത്യയിൽനിന്നുള്ള കൈമാറ്റ അപേക്ഷ നിയമപരമായ പരിശോധനയിലാണെന്ന് ന്യൂഡൽഹി വ്യക്തമാക്കിയിട്ടുണ്ട്.
ഹസീനയുടെ തിരിച്ചുവരവ് ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തെ വീണ്ടും സംഘർഷഭരിതമാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. അവാമി ലീഗിന്റെ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് വിലക്കുണ്ട്. പാർട്ടി നേതാക്കളും പ്രവർത്തകരും അടിച്ചമർത്തൽ നേരിടുകയാണെന്നാണ് ഹസീനയുടെ ആരോപണം. എന്നാൽ അവർക്കെതിരായ നടപടികൾ നിയമപരമായ കേസുകളുടെ അടിസ്ഥാനത്തിലാണെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്.
ഡിസംബറിലെ മടക്കം സംബന്ധിച്ച് കൃത്യമായ തീയതിയോ യാത്രാമാർഗമോ ഹസീന വെളിപ്പെടുത്തിയിട്ടില്ല. പ്രഖ്യാപനം യാഥാർത്ഥ്യമാകുമോ എന്നതിലേക്കാണ് ഇപ്പോൾ ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും ശ്രദ്ധ.



