പത്തനംതിട്ട: കെഎസ്‌യു നേതാവ് ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉൾപ്പെട്ട അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഡിവൈഎസ്പി തലത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും ശ്രീനാദേവി കുഞ്ഞമ്മയ്ക്കും സംഘത്തിനും പൊലീസ് ഒത്താശ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും.
ജൂലൈ 11-ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഭവങ്ങൾ. സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതായാണ് പുറത്തുവന്ന ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. അന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. കണ്ടാൽ അറിയാവുന്നവർ എന്ന പരാമർശം മാത്രമായിരുന്നു എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനത്തെ തുടർന്നാണ് തുടർനടപടികൾ ഉണ്ടാകാത്തതെന്നായിരുന്നു പാർട്ടിയുടെ ആരോപണം. പിന്നീട് സിപിഎം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് വിഷയം വീണ്ടും സജീവ ചർച്ചയായത്.
ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ സംഭവത്തിന്റെ മുഴുവൻ പശ്ചാത്തലവും പരിശോധിക്കാനാണ് പൊലീസ് തീരുമാനം. സ്റ്റേഷനിലെത്തിയവരുടെ ഇടപെടലുകൾ, പൊലീസിന്റെ പ്രതികരണം, കേസെടുത്തതിലെ നടപടിക്രമങ്ങൾ എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.



