കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് എസ്ഐടി ഡിജിപിക്ക് കൈമാറി. കെഎസ്യു പ്രവർത്തകർക്ക് വീണാ ജോർജിന്റെ അടുത്തെത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചുകാട്ടിയെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ആക്രമണം നടന്നെന്ന ആരോപണത്തിന് അടിസ്ഥാനമായ ഗൺമാൻ അഭിലാഷിന്റെ മൊഴി പിന്നീട് തിരുത്തിയിരുന്നു. പ്രതിഷേധക്കാർ ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ലെന്നാണ് എസ്ഐടിക്ക് നൽകിയ പുതിയ മൊഴി. വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നേരത്തെ തെറ്റായ മൊഴി നൽകിയതെന്നും അഭിലാഷ് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ച ആയുധങ്ങൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. കെഎസ്യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗൺമാന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. സംഭവദിവസം കണ്ണൂരിലെത്തിയ മന്ത്രിക്കെതിരെ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. പെരിങ്ങോത്ത് മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎം പ്രവർത്തകർ മർദിച്ചതിനു പിന്നാലെയാണ് റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധം കൂടുതൽ സംഘർഷഭരിതമായത്.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിന് സമീപം ഏകദേശം രണ്ട് മിനിറ്റോളം ഉന്തും തള്ളും ബഹളവുമുണ്ടായി. തുടർന്ന് യാത്ര റദ്ദാക്കിയ മന്ത്രിയെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് വിശദമായ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് കെഎസ്യു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കുശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
എസ്ഐടി റിപ്പോർട്ടോടെ വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിന്റെ തുടർനടപടികൾ ചർച്ചയാകുകയാണ്. എസ്ഐടി തലവൻ യു. പ്രേം നൽകിയ റിപ്പോർട്ടിൽ ഗൺമാന്റെ മൊഴിമാറ്റവും ആക്രമണത്തിന് തെളിവ് ലഭിക്കാത്തതും പ്രധാന കണ്ടെത്തലുകളായി ചൂണ്ടിക്കാട്ടുന്നു.



