തിരുവനന്തപുരം : നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം കുത്തനെ വർധിപ്പിച്ച തീരുമാനത്തിൽ സർക്കാർ പുനഃപരിശോധനയ്ക്ക് തയ്യാറാകാത്തതിനെതിരെ വിമർശനം. പ്രവാസികളുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങൾ പോലും ഇല്ലാതാക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സർക്കാർ സംസാരിക്കുന്നത് സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ഭാഷയിലാണെന്നും അദ്ദേഹം വിമർശിച്ചു.
അഞ്ച് ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ പോളിസിയുടെ വാർഷിക പ്രീമിയം 13,411 രൂപയിൽ നിന്ന് 35,664 രൂപ മുതൽ 77,773 രൂപ വരെയായാണ് ഉയർത്തിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണ പ്രവാസികൾക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ മുതിർന്ന പൗരന്മാർക്കും ഈ വർധന വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും കാരണം പ്രവാസികൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ലെന്നും പ്രവാസി സംഘടനകൾ ഒന്നടങ്കം ആവശ്യമുന്നയിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രീമിയം വർധന പുനഃപരിശോധിക്കണമെന്ന ആവശ്യവും അദ്ദേഹം ആവർത്തിച്ചു.



