ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാനായി ജയ് ഷാ രണ്ടാം തവണയും പുനർനിയമിതനായി. ഐസിസി ബോർഡ് യോഗത്തിൽ എതിരില്ലാതെയാണ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തത്. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ഐസിസി ബോർഡ് യോഗങ്ങൾക്ക് പിന്നാലെയാണ് പ്രഖ്യാപനം.
ക്രിക്കറ്റിന്റെ ആഗോള വളർച്ച, ആരാധകരുടെ എണ്ണം വർധിപ്പിക്കൽ, വാണിജ്യ സാധ്യതകൾ വികസിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ജയ് ഷായിലുള്ള വിശ്വാസമാണ് പുനർനിയമനത്തിലൂടെ ഐസിസി വ്യക്തമാക്കിയത്.
2024 ഡിസംബർ ഒന്നിനാണ് ജയ് ഷാ ഐസിസി ചെയർമാനായി ചുമതലയേറ്റത്. അതിനുമുമ്പ് ബിസിസിഐ സെക്രട്ടറിയായും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നതടക്കമുള്ള നിർണായക മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടാം ഊഴത്തിൽ അദ്ദേഹം ഐസിസിയെ നയിക്കുന്നത്.
പുനർനിയമനത്തിൽ ഐസിസി ബോർഡിന് നന്ദി അറിയിച്ച ജയ് ഷാ, ക്രിക്കറ്റിന്റെ സുസ്ഥിരമായ ഭാവിക്കായി അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.



