വി. എസ് അച്യുതാനന്ദന്‍റെ ഓർമ്മക്കുറിപ്പ് വിതരണം ചെയ്യാത്തതിൽ പ്രതികരിച്ച് പി. രാജീവ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി. എസ് അച്യുതാനന്ദന്‍റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന ദേശാഭിമാനിയുടെ നടപടിയിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്. ഇക്കാര്യം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പി.രാജീവ് പറഞ്ഞത്. വി.എസിനെ പാർട്ടിക്ക് മറക്കാൻ കഴിയുമോ? എന്നും അദ്ദേഹം ചോദിച്ചു. സപ്ലിമെന്‍റില്ലാതെ ദേശാഭിമാനി പുറത്തിറങ്ങിയ കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഞായറാഴ്ചകളിൽ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം ഇറങ്ങിയത്. വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനും ആയ കെ.വി സുധാകരൻ എഴുതിയ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ച വാരാന്ത പതിപ്പാണ് അവസാന നിമിഷം വിതരണം വേണ്ടെന്ന് വെച്ചത്. എല്ലാ ഞായറാഴ്ച്ചകളിലും വാരാന്തപ്പതിപ്പ് ഇറങ്ങാറുണ്ട്. എന്നാൽ ഇന്നത്തെ പത്രത്തോടൊപ്പം അതുണ്ടായില്ല. കൂടാതെ സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നും പത്രത്തിൽ അറിയിപ്പ് നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *