ഡൽഹി: IOA തെരഞ്ഞെടുപ്പിൽ നിർണായക നീക്കവുമായി പി.ടി. ഉഷ, ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി ഉഷയെ നാമനിർദേശം ചെയ്ത നടപടി വരണാധികാരി അംഗീകരിച്ചു. ഇതിനെതിരെ അസോസിയേഷനിലെ ഒരു വിഭാഗം നൽകിയ പരാതികളും തള്ളി. ഐസ് ഹോക്കി അസോസിയേഷന്റെ പ്രതിനിധിയായി ഉഷയെ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു പരാതി. നാമനിർദേശം ചെയ്യപ്പെടുന്നവർ അതത് കായിക സംഘടനകളിൽ അംഗങ്ങളായിരിക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്.
എന്നാൽ, IOAയുടെയും ഐസ് ഹോക്കി അസോസിയേഷന്റെയും വിശദീകരണങ്ങൾ പരിശോധിച്ച ശേഷമാണ് വരണാധികാരിയുടെ തീരുമാനം. നേരത്തെ, IOA ജനറൽ കൗൺസിലിലെ വനിതാ കായിക താരങ്ങളുടെ തെരഞ്ഞെടുപ്പിൽ പി.ടി. ഉഷ പരാജയപ്പെട്ടിരുന്നു. ഇതോടെ ഉഷയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു.
എന്നാൽ ഐസ് ഹോക്കി അസോസിയേഷന്റെ നാമനിർദേശത്തിലൂടെ ജനറൽ കൗൺസിലിൽ വീണ്ടും ഇടം നേടാൻ ഉഷയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. ഡിസംബർ അഞ്ചിനാണ് ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടികയും ഉടൻ പുറത്തിറക്കും. ഇനി തെരഞ്ഞെടുപ്പിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.



