അന്താരാഷ്ട്ര വിരമിക്കലിന് പിന്നാലെ ടെലിവിഷൻ ലോകത്തേക്ക് ചുവടുവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോൾ കരിയറിന് പുറമെ ബിസിനസ്, സോഷ്യൽ മീഡിയ തുടങ്ങിയ മേഖലകളിലും സജീവമായ പോർച്ചുഗീസ് സൂപ്പർതാരം തന്റെ ആദ്യ ടെലിവിഷൻ സീരീസായ ‘ഡേ 1s’ പ്രഖ്യാപിച്ചിരിക്കുകയാണ്. സീരീസിന്റെ നിർമാണം ആരംഭിച്ചതായി റൊണാൾഡോ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
കളിക്കളത്തിന് പുറത്തുള്ള തന്റെ കരിയറിലെ മറ്റൊരു പ്രധാന ചുവടുവെപ്പായാണ് ഈ നീക്കമെന്നും താരം അറിയിച്ചു. ബ്രിട്ടീഷ് സംവിധായകനും നിർമാതാവുമായ മാത്യു വോണുമായി ചേർന്നാണ് റൊണാൾഡോ ഈ പ്രോജക്ടിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇരുവരും ചേർന്ന് രൂപീകരിച്ച യുർ.മാർവ് (UR.Marv) സ്റ്റുഡിയോസിന്റെ ആദ്യ ടെലിവിഷൻ പരമ്പര കൂടിയാണ് ‘ഡേ 1s’.
റൊണാൾഡോ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെ മാത്യു വോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ‘എന്റെ ആദ്യ ടെലിവിഷൻ സീരീസായ ഡേ 1s-ന്റെ നിർമാണം ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിശേഷങ്ങൾ പിന്നാലെ’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.റൊണാൾഡോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നതിനൊപ്പം അഭിനയത്തിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ സ്ക്രിപ്റ്റഡ് ടെലിവിഷൻ അഭിനയരംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്.



