മുംബൈ:ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘാംഗം അനിൽ പണ്ഡിറ്റ്. മുംബൈയിലെ ജൂഹുവിൽ നടന്ന ആക്രമണത്തിൽ താരത്തിന് പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ലഭിച്ച ശബ്ദസന്ദേശത്തിലൂടെയാണ് അനിൽ പണ്ഡിറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തത്. സൽമാൻ ഖാൻ ബിഷ്ണോയി സമുദായത്തോടും ലോറൻസ് ബിഷ്ണോയിയോടും നിരുപാധികം മാപ്പ് പറയണമെന്നും ഇയാൾ ആവശ്യപ്പെട്ടു. സൽമാൻ ഖാനുമായി സഹകരിക്കുന്ന സിനിമാ മേഖലയിലുള്ളവരെ വധിക്കുമെന്നും സന്ദേശത്തിൽ ഭീഷണിയുണ്ട്. അനിൽ പണ്ഡിറ്റും കൂട്ടാളി ഹർമാൻ സന്ധുവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ശബ്ദസന്ദേശത്തിലെ അവകാശവാദം.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ അനിൽ പണ്ഡിറ്റ് 2024ൽ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടന്നതായാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. അമേരിക്കയിൽ നിന്ന് പ്രവർത്തിക്കുന്ന ഹരി ചന്ദ് ജാട്ടിന്റെ നിർദേശപ്രകാരമാണ് ഇയാൾ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. നേരത്തെയും ബോളിവുഡ് താരങ്ങൾക്കും സംഗീതജ്ഞർക്കും നേരെ ബിഷ്ണോയ് സംഘത്തിന്റെ പേരിൽ ഭീഷണികൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങളും പ്രതികളുടെ പങ്കും കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.



