ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എംകെ-1എ (LCA Mk-1A) ഈ സാമ്പത്തിക വർഷം തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്. ഒരു സ്ക്വാഡ്രൺ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന എഎൻഐ നാഷണൽ സെക്യൂരിറ്റി സമ്മിറ്റ് 3.0-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ കണ്ടെത്തിയ നാല് പ്രധാന പോരായ്മകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) ചേർന്ന് നടത്തിയിരുന്നു. ഈ മേഖലകളിലെ മെച്ചപ്പെടുത്തലുകൾ ഏതാണ്ട് പൂർത്തിയായതായും ദീക്ഷിത് അറിയിച്ചു. ഡിആർഡിഒ വികസിപ്പിച്ച പുതിയ ആയുധങ്ങൾ വിമാനത്തിൽ സംയോജിപ്പിക്കുകയും നിരവധി പരീക്ഷണപ്പറക്കലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
തദ്ദേശീയമായി ഒരു യുദ്ധവിമാനം രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും പരീക്ഷിക്കുകയും നിർമിക്കുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തേജസ് പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള 600 മുതൽ 700 വരെ ഗവേഷണ കേന്ദ്രങ്ങളും ലബോറട്ടറികളും പ്രവർത്തിച്ചിട്ടുണ്ട്. ഐഐടികൾ, റെയിൽവേ ലബോറട്ടറികൾ, സിഎസ്ഐആർ സ്ഥാപനങ്ങൾ തുടങ്ങി നിരവധി കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി മുന്നോട്ടുപോയത്. ഇത് രാജ്യത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ എണ്ണം കുറവായ സാഹചര്യത്തിൽ തേജസ് എംകെ-1എയുടെ സേനാപ്രവേശനം നിർണായകമാണ്. മിഗ്-21 വിമാനങ്ങൾ കഴിഞ്ഞ വർഷം വിരമിച്ചതോടെ ഉണ്ടായ വിടവ് നികത്തുന്നതിലും പുതിയ വിമാനങ്ങൾ പ്രധാന പങ്കുവഹിക്കും. 180 തേജസ് എംകെ-1എ വിമാനങ്ങൾക്കായി ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ രണ്ട് കരാറുകളാണ് എച്ച്എഎല്ലുമായി വ്യോമസേന ഒപ്പിട്ടിട്ടുള്ളത്.
അതേസമയം, കൂടുതൽ കരുത്തുറ്റ തേജസ് എംകെ-2 വിമാനത്തിന്റെ ആദ്യ റോളൗട്ട് അടുത്ത വർഷം ഉണ്ടായേക്കുമെന്നും ദീക്ഷിത് അറിയിച്ചു. അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പദ്ധതിയിലും പ്രവർത്തനം ശക്തമായി തുടരുകയാണ്.
ചൈനയുടെ വ്യോമസേനാ ശേഷി വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന വികസന പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. തേജസ് എംകെ-1എയുടെ സേനാപ്രവേശനം ഈ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.



