കാസര്‍കോട്:കാസർകോട് നീലേശ്വരത്തിന് കൂടുതൽ ട്രെയിൻ സ്റ്റോപ്പുകൾ ലഭിച്ചപ്പോൾ നാട്ടുകാർക്ക് സന്തോഷം, പക്ഷേ ബിജെപിക്കുള്ളിൽ ക്രെഡിറ്റിനായി പോര്. പൂനെ–എറണാകുളം എക്സ്പ്രസിനും രാമേശ്വരം–മംഗലാപുരം സെൻട്രൽ എക്സ്പ്രസിനുമാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചത്. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ ആരാണ്? എന്നതിലാണ് ഇപ്പോൾ തർക്കം.
താൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അവകാശപ്പെടുന്നു. അതേസമയം, രാജീവ് ചന്ദ്രശേഖറിന്റെയും പി.കെ. കൃഷ്ണദാസിന്റെയും ഇടപെടലാണ് തീരുമാനത്തിന് പിന്നിലെന്ന് ബിജെപി ജില്ലാ അധ്യക്ഷ എം.എൽ. അശ്വിനിയും പറയുന്നു. സോഷ്യൽ മീഡിയയിലും നേതാക്കൾക്കിടയിലും ക്രെഡിറ്റിനായുള്ള പോര് മുറുകുകയാണ്. നാടിന് നേട്ടം ലഭിച്ചു, പക്ഷേ ക്രെഡിറ്റ് ആർക്കെന്ന ചർച്ചയിലാണ് ഇപ്പോൾ ബിജെപി. നീലേശ്വരത്തെ യാത്രക്കാർക്ക് ഏറെ ആശ്വാസമാകുന്നതാണ് ഈ തീരുമാനം.
ദീർഘകാലമായി നാട്ടുകാർ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നും സമയവും പണവും ലാഭിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. എന്നാൽ ഈ നേട്ടത്തിന്റെ പേരിൽ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള അവകാശവാദങ്ങൾക്കാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്.



