ബിഗ് ബോസ് മലയാളം സീസൺ 8ലെ ശ്രദ്ധേയനായ മത്സരാർത്ഥി കടൽ കൊമ്പൻ എന്ന ശ്രീരാജിനെ പ്രശംസിച്ച് നടൻ യുവ കൃഷ്ണ. കൊമ്പന്റെ ഉള്ളിലെ കുട്ടിത്തവും നിഷ്കളങ്കതയുമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് യുവ പറയുന്നു. പുറമേ നിന്ന് നോക്കുമ്പോൾ ജാഡക്കാരനായി തോന്നാമെങ്കിലും ഉള്ളിൽ വളരെ ചൈൽഡിഷായ വ്യക്തിയാണ് കൊമ്പനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ഉള്ളിലെ കുട്ടിയെ അടിച്ചമർത്താതെ കൂടെ കൊണ്ടുനടക്കുന്നതാണ് ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നതെന്നും യുവ അഭിപ്രായപ്പെട്ടു.
എന്നാൽ കൊമ്പന്റെ ഒരു പോരായ്മയായി തോന്നിയത് ആളുകളെ അമിതമായി വിശ്വസിക്കുന്ന സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഐശ്വര്യയെയും പിന്നീട് ഷിജിനെയും അമിതമായി വിശ്വസിച്ചതിലൂടെ കൊമ്പന് വിഷമങ്ങൾ നേരിടേണ്ടി വന്നതായും യുവ ചൂണ്ടിക്കാട്ടി. പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്ന് തിരിച്ചടികൾ ഉണ്ടാകുമ്പോൾ കൊമ്പൻ മാനസികമായി തളർന്നുപോകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് യുവ പറഞ്ഞു. കൊമ്പനെപ്പോലെ ഉള്ളിലെ കുട്ടിത്തം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ ജീവിതം കൂടുതൽ സന്തോഷകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവയുടെ വാക്കുകൾ ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടുകയാണ്.



