കൊച്ചി: എറണാകുളം ചേരാനല്ലൂർ ബെൻസ് അപകടത്തിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. സ്ഥലം മാറ്റത്തിൽ സങ്കടമില്ല. സർക്കാർ ജീവനക്കാരനായത് കൊണ്ട് എല്ലാം അനുസരിക്കേണ്ടി വരുമെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. സ്ഥാനം ഒഴിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ.
ജഡ്ജി തന്നെ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. പ്രതികളുമായി ബന്ധമുള്ള ആരും വിളിച്ച് സംസാരിച്ചിട്ടില്ല.
ഇനി ഒരു അവസരം ലഭിക്കാത്തത് കൊണ്ടാണ് തുറന്ന് പറഞ്ഞത്. കേസ് തുടക്കം മുതൽ മുന്നോട്ട് പോയത് നല്ല രീതിയിലാണ്. കേസും സ്ഥലമാറ്റവുമായി ബന്ധമില്ല. സ്ഥലം മാറ്റം ജോലിയുടെ ഭാഗം മാത്രമാണ്. പോകുന്നതിൽ സങ്കടമില്ലെന്നും കാളിരാജ് മഹേഷ്കുമാർ പറഞ്ഞു.
അതേസമയം, 17കാരന്റെ ഫോണിൽ നിന്ന് വിവരങ്ങൾ തിരിച്ചെടുക്കാൻ തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം. ഇൻസ്റ്റഗ്രാം ഉൾപ്പെടെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിലെ ഡാറ്റാ വീണ്ടെടുക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
പ്രതിയായ പതിനേഴുകാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് അഡീഷണൽ ജഡ്ജി. ഇന്നലത്തെ ചോദ്യം ചെയ്യലിലും ഈ മൊഴിയിൽ ജഡ്ജി ഉറച്ചുനിന്നു. 17കാരൻ മുമ്പ് ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളെടുത്ത് ഈ വാദം പൊളിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.



