ടോക്കിയോ: ജപ്പാനിലെ ടോക്കിയോ തീരത്തിന് സമീപം 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 7.39നാണ് ജപ്പാനിലെ കാന്റോ മേഖലയ്ക്ക് സമീപം കടലിൽ ഭൂചലനമുണ്ടായത്. സംഭവത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ടോക്കിയോയ്ക്ക് കിഴക്കുള്ള അസാഹി നഗരത്തിൽ നിന്ന് ഏകദേശം 169 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ജപ്പാനിലെ 0 മുതൽ 7 വരെയുള്ള ഭൂചലന തീവ്രതാ സ്കെയിലിൽ മൂന്നാണ് രേഖപ്പെടുത്തിയത്.
ഈ തീവ്രതയിൽ കെട്ടിടങ്ങൾക്കുള്ളിലുള്ള മിക്കവർക്കും ഭൂചലനം അനുഭവപ്പെടുമെന്നും അലമാരകളിലെ പാത്രങ്ങൾ ഉൾപ്പെടെയുള്ളവ കുലുങ്ങാൻ സാധ്യതയുണ്ടെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി വിശദീകരിച്ചു. അതേസമയം, ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചതായി ഇതുവരെ റിപ്പോർട്ടുകളില്ല.
ഇതിനിടെ, ജപ്പാനിൽ കഴിഞ്ഞ ജൂലൈയിൽ തെക്കുപടിഞ്ഞാറൻ മേഖലയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ക്യൂഷു ദ്വീപിലെ കുമാമോട്ടോ പ്രിഫെക്ചറിന് സമീപമായിരുന്നു അന്ന് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തുടർന്ന് നേരിയ സുനാമി മുന്നറിയിപ്പും നൽകിയിരുന്നു. തുടർചലനങ്ങളെത്തുടർന്ന് മേഖലയിലെ ഗതാഗതം, മൊബൈൽ ആശയവിനിമയം, വിമാന സർവീസുകൾ എന്നിവ തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.



