ന്യൂഡൽഹി: കേരളത്തോടൊപ്പം അസമിലും നാളെ വോട്ടെടുപ്പ് . ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിംഗ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. മൂന്നാം തവണയും വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ശക്തമായ തിരിച്ചുവരവിന് കോൺഗ്രസും പ്രതീക്ഷ വെയ്ക്കുന്ന അസമിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും ആർഎസ്എസും വിഷ സർപ്പങ്ങളാണെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയിൽ ബിജെപി പൊലീസിൽ പരാതി നൽകി. ഖർഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.
ഹിമന്ത രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഹിമന്തയുടെ ഭാര്യക്ക് മൂന്നു പാസ്പോർട്ടുകളുണ്ടെന്നും, വിദേശത്ത് നിരവധി വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നും നേരത്തെ ആരോപിച്ചതിന് പിന്നാലെ ഇന്നലെ ദില്ലിയിലെ പവൻ ഖേരയുടെ വീട്ടിൽ അസം പോലീസെത്തി പരിശോധന നടത്തിയിരുന്നു. അപ്പോൾ വീട്ടിലില്ലാതിരുന്ന പവൻ ഖേര ഇന്ന് അസമിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എത്തിയാൽ പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
