ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ സെപ്റ്റംബർ 30ന് പ്രവർത്തനം തുടങ്ങും

ദുബായ്: ഇത്തിഹാദ് റെയിലിന്റെ ദുബായ് സ്റ്റേഷൻ സെപ്റ്റംബർ 30-ന് പ്രവർത്തനമാരംഭിക്കുന്നു. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യഘട്ടം വൻ വിജയമായതിന് പിന്നാലെയാണ് ഇപ്പോൾ ദുബായ് സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും പ്രവർത്തനം തുടങ്ങുന്നത്. ദുബായിലെ ആഡംബര പാർപ്പിട മേഖലയായ ‘ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സി’നുള്ളിലായാണ് ദുബായ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ റോഡ് മാർഗ്ഗം വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. യാത്രക്കാർക്ക് സ്റ്റേഷനിലെത്താനും തുടർയാത്രകൾ സുഗമമാക്കാനും ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.

യാത്രക്കാരുടെ സൗകര്യം മുൻനിർത്തി അത്യാധുനികമായ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷനും ഇത്തിഹാദ് റെയിൽ സ്റ്റേഷനും തമ്മിൽ വെറും നാല് മിനിറ്റ് ദൂരമേയുള്ളൂ. ഇവ തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന ഫൂട്ട്ബ്രിഡ്ജിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതൊരു പ്രധാന പബ്ലിക് ട്രാൻസ്പോർട്ട് ഇന്റർചേഞ്ചായി മാറും. മെട്രോ കൂടാതെ ബസ്, ടാക്‌സി സർവീസുകളുമായി സ്റ്റേഷനെ ബന്ധിപ്പിക്കുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റിയുടെ കൊമേഴ്‌സ്യൽ ആൻഡ് സപ്പോർട്ട് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ അദ്ര അൽ മൻസൂരി അറിയിച്ചു. യാത്രക്കാർക്ക് സ്റ്റേഷനിലെത്തിച്ചേരാനും അവിടെ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോകാനും തടസ്സമില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *