നാലാം തവണയും മികച്ച നടനുള്ള ദേശീയ അവാർഡ് നേടി അരങ്ങ് വാഴുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ ദേശീയ അവാർഡിനെക്കുറിച്ച് മുൻപ് മമ്മൂട്ടി കമൽ ഹാസനോട് പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. എനിക്കും കമൽ ഹാസനും ഇപ്പോൾ മികച്ച നടനുള്ള മൂന്ന് അവാർഡ് വീതമാണുള്ളത്. ഞങ്ങളിൽ ആര് അതിനെ മറികടക്കും എന്നുള്ള മത്സരത്തിലാണെന്ന് മുൻപ് ഒരു വേദിയിൽ വെച്ച് മമ്മൂട്ടി തമാശരൂപേണ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
മമ്മൂട്ടിക്ക് അഭിനന്ദനം അറിയിച്ചതിന് പിന്നാലെ നടൻ കമൽ ഹാസൻ മമ്മൂക്ക പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിക്കുകയായിരുന്നു. ‘നാലാമത്തെ ദേശീയ അവാർഡിന് അഭിനന്ദനങ്ങൾ. ദേശീയ അവാർഡുകളുടെ എണ്ണത്തിൽ എന്നെ മറികടക്കുമെന്ന് നിങ്ങൾ ഒരിക്കൽ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. നിങ്ങൾ വാക്ക് പാലിക്കുന്ന ആളാണ്. ഇനിയും നിരവധി അംഗീകാരങ്ങൾ തേടി എത്തട്ടെ എന്റെ സുഹൃത്തേ’, എന്നായിരുന്നു കമൽ ഹാസൻ കുറിച്ചത്. മമ്മൂട്ടിക്ക് ലഭിക്കുന്ന നാലാമത്തെ ദേശീയ പുരസ്കാരം ആണിത്.. ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയെന്ന റെക്കോർഡിൽ മമ്മൂട്ടി അമിതാഭ് ബച്ചനൊപ്പമെത്തി.
