ഡൽഹി: ഡിജിറ്റൽ തട്ടിപ്പിലൂടെ പണം നഷ്ടമായവർക്ക് ആശ്വാസമാകുന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് തട്ടിപ്പിന് കാരണമായതെന്ന് കണ്ടെത്തിയാൽ നഷ്ടപ്പെട്ട തുക തിരികെ നൽകാൻ ബാങ്കിനും ഉത്തരവാദിത്വമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഉപഭോക്താക്കളുടെ പണം സംരക്ഷിക്കേണ്ടത് ബാങ്കുകളുടെ കടമയാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഒരാൾ പതിവായി ചെറിയ തുകകൾ മാത്രം ഇടപാട് നടത്തുകയും പെട്ടെന്ന് വലിയ തുക കൈമാറുകയും ചെയ്താൽ ബാങ്കുകൾ അത് സംശയാസ്പദമായി കാണണം. ഇത്തരം ഇടപാടുകൾ തടയാൻ ഓട്ടോമാറ്റിക് പരിശോധനാ സംവിധാനങ്ങളും ശക്തമാക്കണം.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വർധിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളെ അറിയിക്കേണ്ട ഉത്തരവാദിത്വവും ബാങ്കുകൾക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ റിസർവ് ബാങ്കിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടെ ജാഗ്രതക്കുറവ് മൂലം പണം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികളും പരിഗണനയിലാണ്.



