ലഖ്നൗ: ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് വിചിത്ര വിശദീകരണവുമായി ബിജെപി മന്ത്രി ഓം പ്രകാശ് രാജ്ഭർ. വോട്ട് ചെയ്തത് വിദ്യാസമ്പന്നരാണെന്നും സാധാരണക്കാരല്ലെന്നുമാണ് മന്ത്രിയുടെ പരാമർശം. വാരാണസി ഉൾപ്പെടെയുള്ള ഗ്രാജ്വേറ്റ്സ് മണ്ഡലങ്ങളിൽ സമാജ്‌വാദി പാർട്ടി വിജയിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇതേ വിദ്യാസമ്പന്നർ വോട്ട് ചെയ്യാൻ എത്തില്ലെന്നും അന്ന് സാധാരണ വോട്ടർമാരാകും നിർണായകമെന്നുമാണ് മന്ത്രിയുടെ വാദം. ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലെ 11 സീറ്റുകളിൽ അഞ്ചെണ്ണം സമാജ്‌വാദി പാർട്ടി നേടിയപ്പോൾ ആറിടത്താണ് ബിജെപി വിജയിച്ചത്.
വാരാണസി ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ എസ്പിയുടെ അശുതോഷ് സിൻഹ 55,046 വോട്ടുകൾ നേടി വിജയിച്ചു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് തിരിച്ചടിയായ ഈ ഫലം രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. മന്ത്രിയുടെ പരാമർശം വലിയ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ജനാധിപത്യത്തിൽ ഓരോ വോട്ടിനും ഒരേ വിലയാണെന്നിരിക്കെ, വോട്ടർമാരെ ഇത്തരത്തിൽ വേർതിരിക്കുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ വിവാദം ബിജെപിക്ക് തിരിച്ചടിയാകുമോയെന്നാണ് ഇനി രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.



