തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജീവനക്കാർക്ക് ശമ്പളം മുടങ്ങി. ഇരുനൂറോളം ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത്. അതേസമയം കഴിഞ്ഞമാസം ആവശ്യമായ ഡ്യൂട്ടി ഇല്ലാത്തവരുടെ ശമ്പളമാണ് പിടിച്ചത് എന്നാണ് മാനേജ്മെന്റ് വിശദീകരണം. സർവീസ് മുടങ്ങിയത് കൊണ്ടാണ് ഡ്യൂട്ടി ഇല്ലാതിരുന്നതെന്ന് ജീവനക്കാരും വ്യക്തമാക്കി. ഒരു മാസം 16 ഡ്യൂട്ടിയെങ്കിലും ചെയ്യണമെന്നാണ് സ്വിഫ്റ്റിന്റെ നിയമം.
അത് പാലിക്കപ്പെട്ടിട്ടില്ല എന്നാണ് മാനേജ്മെന്റ് ആരോപിക്കുന്നത്. 16 ഡ്യൂട്ടി തികയ്ക്കാൻ സാധിക്കാത്തത് ബസുകൾ കേടാകുന്നത് കാരണം ട്രിപ്പ് നിർത്തിവെക്കുന്നത് കൊണ്ടാണെന്നാണ് ജീവനക്കാർ പറയുന്നത്. ഡ്യൂട്ടി ചെയ്യാൻ തയ്യാറായിട്ടും ഇത്തരം സാങ്കേതിക തടസ്സങ്ങളാൽ ജോലിക്ക് ഹാജരാകാത്ത ജീവനക്കാരോട് മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിച്ചുവെന്നാണ് ജീവനക്കാരുടെ ആരോപണം.
സെപ്റ്റംബറിലെ ശമ്പളം ഒക്ടോബർ പകുതിയോടെയാണ് ലഭിച്ചതെന്നും കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു. സ്വിഫ്റ്റിൽ തൊഴിലാളി പ്രക്ഷോഭങ്ങൾ നടത്താൻ അനുവാദമില്ല. യൂണിയൻ പ്രവർത്തനങ്ങൾക്ക് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബസിന് കേടുപാടുകൾ സംഭവിച്ചാൽ ജീവനക്കാർ തന്നെ സ്വന്തം പണമെടുത്ത് ശരിയാക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ടെന്നും ജീവനക്കാർ പറയുന്നു.



