ബ്രസീലില്‍ നടന്ന ഒരു ഫുട്ബോള്‍ മത്സരത്തില്‍ റഫറിക്ക് 51 റെഡ് കാര്‍ഡുകളാണ് ഉയർത്തേണ്ടി വന്നത്. താരങ്ങളും കോച്ചിങ് സ്റ്റാഫുകളും തമ്മിലുളള കൂട്ടത്തല്ലിനെ തുടർന്നാണ് സംഭവം. മിനാസ് ഗെറൈസിലെ എസ്റ്റാഡിയോ പാര്‍ക്ക് ഡോ സബിയ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍-20 കാംപിയോനാറ്റോ മിനെയ്റോ സെക്കന്‍ഡ് ഡിവിഷന് സെമിഫൈനലില്‍ ആതിഥേയരായ ഉബര്ലാന്ഡിയയും അയല്‍ക്കാരായ മമോറെയും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴായിരുന്നു സംഭവം.
43 കളിക്കാര്‍ക്കും 8 കോച്ചിങ് സ്റ്റാഫുകള്‍ക്കുമാണ് റെഡ് കാര്‍ഡ് ലഭിച്ചത്. ഇതോടെ കളി 60 മിനിറ്റായപ്പോഴെക്കും പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ടി വന്നു. രണ്ടാം പകുതിയുടെ 54-ാം മിനിറ്റില്‍ മമോറെ ഗോള്‍ നേടി 3-1ന് മുന്നിലെത്തിയതോടെയാണ് ഗ്രൗണ്ടില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
രണ്ടാം പകുതിയില്‍ മമോറെയുടെ ഡാവി ഗോള്‍ നേടി സ്കോര്‍ 3-1 എന്ന നിലയില്‍ നില്‍ക്കെ എതിര് ടീമിന്റെ ബെഞ്ചിനെ പരിഹസിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
തുടര്‍ന്ന് ഉബര്ലാന്ഡിയയുടെ ഗോള്‍കീപ്പിങ് കോച്ച് പൗലോ സെര്‍ജിയോ ഡയസ് ഡോസ് സാന്റോസ് മൈതാനത്തേക്ക് ഓടിക്കയറി അദ്ദേഹത്തെ നേരിട്ടു. ഇത് കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലും കൂട്ട പുറത്താക്കലുകളിലും കലാശിച്ചു. 2011ല്‍ അര്‍ജന്റീനയിലെ അഞ്ചാം ഡിവിഷന് മത്സരത്തില്‍ ക്ലബ് അത്ലറ്റിക്കോ ക്ലേപോള് – വിക്ടോറിയാനോ അരീനാസ് പോരാട്ടത്തിനിടെ നല്കിയ 36 റെഡ് കാര്‍ഡുകളുടെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്.



