സാധാരണക്കാരന്റെ വേഷത്തിൽ മോഹൻലാൽ; അനൂപ് സത്യന്റെ പുതിയ ചിത്രം ‘L368’ ചിത്രീകരണം ഇടുക്കിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ചെക്ക് ഷർട്ടും കറുത്ത മുണ്ടും കഴുത്തിൽ കറുപ്പും വെളുപ്പും നിറത്തിലുള്ള മാലകളും ധരിച്ച് മോഹൻലാൽ. തൊടുപുഴയ്ക്ക് സമീപം മാറികയിലെ ഒരു സാധാരണ വീടിന്റെ മുറ്റത്ത് മോഹൻലാൽ എത്തിയതോടെ ആരാധകരിലും സിനിമാ പ്രേമികളിലും കൗതുകം. അനൂപ് സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘L368’ന്റെ ചിത്രീകരണത്തിനായാണ് താരം ഇവിടെ എത്തിയത്.

ഒക്ടോബർ 30ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ മോഹൻലാൽ അഭിനയിച്ചുതുടങ്ങിയത് നവംബർ രണ്ടിനാണ്. മാറികയിലെ ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ വേഷപ്പകർച്ച ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. തികച്ചും സാധാരണക്കാരന്റെ രൂപത്തിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ കഥാപാത്രത്തിന്റെ സ്വഭാവവും കഥയിലെ പ്രത്യേകതകളും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

‘L368’ എന്ന താൽക്കാലിക പേരിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. പേരിന് പിന്നിൽ സൈൻ ലാംഗ്വേജുമായി ബന്ധപ്പെട്ടൊരു ഘടകമുണ്ടെന്നാണ് സൂചന. ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ ‘L’ എന്നത് ‘ലൗ’ എന്നതിനെ സൂചിപ്പിക്കുന്നതാണെന്ന് സംവിധായകൻ അനൂപ് സത്യൻ വ്യക്തമാക്കിയിരുന്നു. പ്രണയം, ഇമോഷണൽ ഡ്രാമ, നർമ്മം, ആക്ഷൻ തുടങ്ങി വ്യത്യസ്ത ഘടകങ്ങൾ ചിത്രത്തിലുണ്ടാകുമെന്നും എന്നാൽ ഒരു പ്രത്യേക ജോണറിൽ മാത്രം ചിത്രത്തെ ഒതുക്കാനാകില്ലെന്നും സംവിധായകൻ പറഞ്ഞു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറാണ് നിർമിക്കുന്നത്. കൊച്ചി, ഇടുക്കി, മംഗളൂരു ഉൾപ്പെടെ കർണാടകയിലെ വിവിധ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നുമുള്ള മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഇവ, തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കൈതപ്രമാണ് ഗാനരചന നിർവഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ഷഹ്നാസ് ജലാൽ ഛായാഗ്രഹണവും നിർവഹിക്കുന്നു. പ്രശാന്ത് മാധവനാണ് കലാസംവിധാനം. സുജിത് സുധാകർ കോസ്റ്റ്യൂം ഡിസൈനും സജീവ് സജി മേക്കപ്പും കൈകാര്യം ചെയ്യുന്നു.

അനിൽ രാധാകൃഷ്ണനാണ് സിങ്ക് സൗണ്ട്. വിഷ്ണു പിഷാരടി വി.എഫ്.എക്സ് വിഭാഗവും സ്റ്റണ്ട് സെൽവ ആക്ഷൻ വിഭാഗവും കൈകാര്യം ചെയ്യുന്നു. എസ്തറ്റിക് കുഞ്ഞമ്മയാണ് ഡിസൈൻ. അതുല്യ മധു ചീഫ് അസോസിയേറ്റ് ഡയറക്ടറായും ആദർശ്, ലൈല സുന്ദർ എന്നിവർ പ്രൊഡക്ഷൻ മാനേജർമാരായും പ്രവർത്തിക്കുന്നു. ശ്രീക്കുട്ടൻ, ധനേഷ് എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരാണ്. ബിജു തോമസാണ് പ്രൊഡക്ഷൻ കൺട്രോളർ. ആശിർവാദ് റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

മോഹൻലാലിന്റെ വേറിട്ട വേഷപ്പകർച്ചയും അനൂപ് സത്യന്റെ വ്യത്യസ്തമായ കഥാപരിസരവും ഒത്തുചേരുന്ന ‘L368’നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News