അസുൻസിയോൺ: ഒരു ബാങ്കിന്റെ തകർച്ച ഒരു രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വത്തെ തന്നെ വീഴ്ത്തി. ദക്ഷിണ അമേരിക്കൻ രാജ്യമായ പരാഗ്വേയിൽ ഡിജിറ്റൽ ബാങ്കായ യുനോ ബാങ്ക് തകർന്നതിനു പിന്നാലെ പ്രസിഡന്റ് സാന്റിയാഗോ പെനയ്ക്ക് അധികാരം നഷ്ടമായി. ബാങ്ക് പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ട് വെറും നാല് ദിവസത്തിനുള്ളിലാണ് പെനയുടെ പ്രസിഡന്റായുള്ള അധ്യായം അവസാനിച്ചത്. പുറത്താക്കപ്പെട്ടതിന് പിന്നാലെ പെനയെ വീട്ടുതടങ്കലിലുമാക്കി. ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ അദ്ദേഹത്തിനെതിരെ അന്വേഷണം തുടരുകയാണ്.
നവംബർ മൂന്നിന് പുലർച്ചെയാണ് പരാഗ്വേയുടെ സെൻട്രൽ ബാങ്ക് യുനോ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ആവശ്യമായ മൂലധനം ബാങ്കിനില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. രാജ്യത്തെ ആറു ദശലക്ഷത്തോളം ജനങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ സമ്പാദ്യം ബാങ്കിൽ കുടുങ്ങി. ഏകദേശം 30 ലക്ഷം ഉപഭോക്താക്കൾക്ക് അക്കൗണ്ടുകളിലേക്കും പണം പിൻവലിക്കാനുള്ള സൗകര്യങ്ങളിലേക്കും പ്രവേശനം നഷ്ടമായതോടെ രാജ്യത്ത് പ്രതിഷേധം ശക്തമായി.
വ്യാഴാഴ്ചയോടെ പ്രതിസന്ധി രാഷ്ട്രീയ നേതൃത്വത്തിലേക്കും പടർന്നു. പ്രസിഡന്റ് പെന രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും കോൺഗ്രസ് അത് അംഗീകരിച്ചില്ല. തുടർന്ന് ജനപ്രതിനിധിസഭയിൽ 78 അംഗങ്ങളും പിന്തുണച്ച് അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നടപടി മുന്നോട്ടുകൊണ്ടുപോയി. വെള്ളിയാഴ്ച സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ ഹാജരായ 44 അംഗങ്ങളും പെനയെ അധികാരത്തിൽനിന്ന് നീക്കുന്നതിനെ പിന്തുണച്ചു. ഒരംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ വൈസ് പ്രസിഡന്റ് പെഡ്രോ അലിയാന പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
അധികാരത്തിൽനിന്ന് പുറത്തായതിന് പിന്നാലെയാണ് പെനയെ വീട്ടുതടങ്കലിലാക്കിയത്. വിശ്വാസവഞ്ചന, സ്വാധീനം ദുരുപയോഗം ചെയ്യൽ, ഔദ്യോഗിക പദവി വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കൽ തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം. കുറ്റങ്ങൾ തെളിഞ്ഞാൽ ചില വകുപ്പുകളിൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാം. യുനോ ബാങ്കിലേക്ക് നൂറുകണക്കിന് ദശലക്ഷം ഡോളർ പൊതുപണം എത്തിക്കാൻ പെന രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നാണ് നിയമനിർമാതാക്കളുടെ ആരോപണം. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പെന നിഷേധിച്ചിട്ടുണ്ട്.
പൊതുപണം ഒഴുകിയ ബാങ്ക്
ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഒരു ധനകാര്യ സ്ഥാപനത്തിൽനിന്ന് പരാഗ്വേയിലെ വലിയ ബാങ്കുകളിലൊന്നായി യുനോ വളർന്നു. സൂപ്പർമാർക്കറ്റുകളിലെ ഇളവുകളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് കുറഞ്ഞ വരുമാനക്കാരെയും ബാങ്കിങ് സേവനങ്ങൾ ലഭിക്കാത്തവരെയും ഉപഭോക്താക്കളാക്കി. ബാങ്കിന്റെ കണക്കനുസരിച്ച് ഏകദേശം 30 ലക്ഷം ഉപഭോക്താക്കളുണ്ടായിരുന്നു. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 60 ശതമാനത്തോളം വരും ഇത്. എഴുപതിലധികം ശാഖകളും ബാങ്കിനുണ്ടായിരുന്നു. ദേശീയ ഫുട്ബോൾ ടീമിനും രാജ്യത്തെ പ്രധാന സ്റ്റേഡിയത്തിനും സ്പോൺസർഷിപ്പ് നൽകിയതോടെ യുനോയുടെ സ്വാധീനം കൂടുതൽ വ്യാപിച്ചു.
എന്നാൽ ബാങ്കിന്റെ വളർച്ചയ്ക്ക് പിന്നിൽ പൊതുപണത്തിന്റെ വലിയ പങ്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബറിൽ ബാങ്കിന്റെ നിക്ഷേപങ്ങളിൽ ഏകദേശം 800 മില്യൺ ഡോളർ പൊതുമേഖലയിൽ നിന്നുള്ളതായിരുന്നു. സംസ്ഥാന പെൻഷൻ-ആരോഗ്യ ഫണ്ടുകളുടെയും ജലവൈദ്യുത നിലയങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെയും പണം ഇതിൽ ഉൾപ്പെട്ടിരുന്നു. ബാങ്കിന്റെ മൊത്തം നിക്ഷേപത്തിന്റെ ഏകദേശം നാലിലൊന്നായിരുന്നു പൊതുപണം.
യുനോയുടെ സാമ്പത്തിക നിലയെക്കുറിച്ച് നേരത്തെയും മുന്നറിയിപ്പുകൾ ഉയർന്നിരുന്നു. ജൂണിൽ ബാങ്ക് ഉടമകളുമായി ബന്ധമുള്ള കമ്പനികൾക്ക് അമിതമായി വായ്പ നൽകുന്നതായി സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഒക്ടോബറിൽ ഫിച്ച് റേറ്റിങ്സ് ബാങ്കിന്റെ വേഗത്തിലുള്ള വളർച്ചയും ബാലൻസ് ഷീറ്റിലെ ഉയർന്ന അദൃശ്യ ആസ്തികളും ചൂണ്ടിക്കാട്ടി റേറ്റിങ് outlook നെഗറ്റീവാക്കി.
ബാങ്കിന്റെ ഉടമകളുമായി ബന്ധമുള്ള കമ്പനികൾക്ക് നൽകിയ വായ്പകളിൽ മതിയായ രേഖകളില്ലെന്നും ചില ചെലവുകൾ തെറ്റായി ആസ്തികളായി കണക്കാക്കിയെന്നും പരിശോധനയിൽ കണ്ടെത്തി. ഈ ക്രമീകരണങ്ങൾ നടത്തിയതോടെ യുനോയുടെ മൂലധനം നിയമപരമായി ആവശ്യമായ കുറഞ്ഞ പരിധിയുടെ പകുതിയിലും താഴെയായി. ഇതോടെയാണ് ബാങ്കിനെ നിയന്ത്രണത്തിലാക്കാനുള്ള തീരുമാനം സെൻട്രൽ ബാങ്ക് കൈക്കൊണ്ടത്
ബാങ്കിന്റെ തകർച്ച ഉപഭോക്താക്കളുടെ സമ്പാദ്യം മാത്രമല്ല, പരാഗ്വേയുടെ രാഷ്ട്രീയ സ്ഥിരതയെയും തകർത്തു. നിക്ഷേപങ്ങൾ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനങ്ങളുടെ പ്രതിഷേധം സർക്കാരിനെതിരെ ശക്തമായ ജനരോഷമായി മാറി. ഒടുവിൽ യുനോ ബാങ്കിന്റെ പ്രതിസന്ധി സാന്റിയാഗോ പെനയുടെ അധികാരനഷ്ടത്തിലേക്കും അന്വേഷണത്തിലേക്കും നയിച്ചു. ഒരു ബാങ്കിന്റെ സാമ്പത്തിക തകർച്ച എങ്ങനെ രാജ്യത്തിന്റെ ഭരണതലത്തിൽ വൻ രാഷ്ട്രീയ പ്രതിസന്ധിയാകുന്നു എന്നതിന്റെ ഉദാഹരണമായി പരാഗ്വേയിലെ സംഭവവികാസങ്ങൾ മാറുകയാണ്.



